ബിജെപി വളപട്ടണം പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
1600522
Friday, October 17, 2025 8:01 AM IST
കണ്ണൂര്‍: ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ആക്രമിച്ച സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യുക, പോലീസിന്റെ സിപിഎം വിടുപണി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
മാർച്ച് പോലീസ് ബാരിക്കെഡുകൾ നിരത്തി തടഞ്ഞു.ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സിപിഎം നേതാക്കളുടെ നിർദേശാനുസരണം സഖാവിന്റെ പണിയെടുക്കാനാണ് ശ്രമമെങ്കിൽ അത്തരം പോലീസുകാർ യൂണിഫോം അഴിച്ചു വെക്കണമെന്ന് കെ.കെ. വിനോദ്കുമാർ ആവശ്യപ്പെട്ടു.
കാക്കിയുടെ മഹത്വം മനസിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പോലീസ് തയാറാകണം. നീതി നിഷേധിക്കപ്പെട്ടാല്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ബിജെപിക്ക് അറിയാമെന്നും കെ.കെ. വിനോദ്കുമാര്‍ പറഞ്ഞു. ചിറക്കല്‍ മണ്ഡലം പ്രസിഡന്റ് രാഹുല്‍ രാജീവ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ്, ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എസ്. വിജയ് എന്നിവർ പ്രസംഗിച്ചു.