കോൺഗ്രസിന്റേയും സിപിഎമ്മിന്റേയും മുഖ്യശത്രു ബിജെപി: ഷോൺ ജോർജ്
1600514
Friday, October 17, 2025 7:59 AM IST
ഇരിട്ടി: കഴിഞ്ഞ തെരഞ്ഞെടുപ്പികളിലെ സാഹചര്യം പോലെയല്ല ഇന്ന് ബിജെപിയുടെ നിലയെന്നും ഇന്ന് കോൺഗ്രസിന്റേയും സിപിഎമ്മിന്റേയും മുഖ്യശത്രു എന്ന പദവിയിലേക്ക് ബിജെപി എത്തിപ്പെട്ടിരിക്കയാണെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. ബിജെപി കണ്ണൂർ റവന്യൂ ജില്ലാ ക്രിസ്ത്യൻ ഔട്ട് റീച്ച് ശില്പശാല ഇരിട്ടി മാരാർജി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സുരേഷ് ഗോപി വിജയം നേടുകയും നാലോളം സീറ്റുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തതോടെ കേരളത്തിൽ ഒരു മൂവ്മെന്റായി ബിജെപി മാറുകയാണെന്ന് ഇരു മുന്നണികളും തിരിച്ചറിയുകയായിരുന്നു.
ബിജെപിയെ മാറ്റിനിർത്താൻ കേരളത്തിലടക്കം കോൺഗ്രസുമായി പോലും സഖ്യചേരാം എന്ന് സിപിഐ പാർട്ടി കോൺഗ്രസ് പോലും തീരുമാനമെടുത്തുകഴിഞ്ഞെന്നും ഇനി ബിജെപിക്കെതിരേ ഇരുമുന്നണികളും ചേർന്ന് ഒറ്റ സ്ഥാനാർഥിയെ നിർത്താൻ തയാറാകുമെന്നും ഷോൺ ജോർജ് പറഞ്ഞു. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അരുൺ തോമസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ബിജു എളങ്കുഴി, സന്തോഷ് പ്ലക്കാട്ട്, കെ. നിത്യാനന്ദൻ, എം.പി. ജോയ്, ജോസ് എ വൺ, അനൂപ് സ്കറിയ എന്നിവർ പ്രസംഗിച്ചു.