സാമൂഹ്യ പ്രതിബന്ധതയോടെ പ്രവർത്തിക്കുവാൻ മനുഷ്യൻ സന്നദ്ധമാകണം: കെ. സുധാകരൻ
1601051
Sunday, October 19, 2025 7:58 AM IST
കണ്ണൂർ: സാമൂഹ്യ പ്രതിബന്ധതയോട് കൂടി മാനവികത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കർമരംഗത്ത് സന്നദ്ധതയോടെ പ്രവർത്തിക്കുവാൻ മനുഷ്യൻ സന്നദ്ധമാകണമെന്ന് കെ. സുധാകരൻ എംപി. അസോസിയേഷൻ ഓഫ് ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിട്യൂഷൻസ് ജില്ലാതല അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓർഫനേജ് കൺട്രോൾ ബോർഡ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഫാ. ലിജോ ചിറ്റിലപ്പള്ളി, ഡോ. അബ്ദുറഹ്മാൻ മുബാറക് എന്നിവർക്ക് യോഗം സ്വീകരണം നല്കി. സംസ്ഥാന സർക്കാരിന്റെ വയോ സേവന പുരസ്കാരം കരസ്ഥമാക്കിയ ഖിദ്മ ആൻഡ് തണൽ സ്നേഹവീടിന് പുരസ്കാരം നൽകി. ജില്ലയിലെ അനാഥലയങ്ങളിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ കൂടുതൽ മാർക്ക് വാങ്ങിയ 60 കുട്ടികൾക്ക് മെമ്മോറണ്ടവും കാഷ് അവാർഡും നൽകി.
ചടങ്ങിൽ ബ്രദർ സജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. സൈനുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. ടി.എ. തങ്ങൾ, രവീന്ദ്രനാഥ് ചെലേരി, കെ.എൻ. മുസ്തഫ, ബ്രദർ ലിജോ, കെ.കെ. അഹമ്മദ് ഹാജി, സി.എച്ച്. മൊയ്തു ഹാജി എന്നിവർ പ്രസംഗി ച്ചു.