പെൻഷൻകാരുടെ കുടിശികയായ ക്ഷാമബത്ത ഉടൻ അനുവദിക്കണം: കെഎസ്എസ്പിഎ
1601060
Sunday, October 19, 2025 8:01 AM IST
ഇരിട്ടി: പെൻഷൻകാരുടെ കുടിശികയായ ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പായം മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പെൻഷൻകാരോട് സർക്കാർ കടുത്ത വഞ്ചനയും നീതി നിഷേധവുമാണ് നടത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
ഇരിട്ടിയിൽ നടന്ന സമ്മേളനം കെപിസിസി ജനസെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പായം മണ്ഡലം പ്രസിഡന്റ് സി. നാരായണൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. കെ. ബിന്നി ജോസഫ് റിപ്പോർട്ടും കുര്യൻ ദേവസ്യ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
80 വയസ് കഴിഞ്ഞവരെ വി.വി.സി. നമ്പ്യാർ ആദരിച്ചു. എൻ. നാരായണൻ പുതിയ അംഗങ്ങളെ വരവേറ്റു. സി.വി. കുഞ്ഞനന്തൻ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. റെയീസ് കണിയാറക്കൽ, കെ. മോഹനൻ, നാരായണൻ കോയിറ്റി, ഫിലോമിന കക്കട്ടിൽ, ജാൻസി തോമസ്, കെ. തമ്പാൻ, പി.വി. അന്നമ്മ, പി.വി. മറിയാമ്മ എന്നിവർ പ്രസംഗിച്ചു.