ഹൈടെക് കൂൺ കൃഷി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
1600517
Friday, October 17, 2025 8:01 AM IST
ചെറുപുഴ: നിരവധിയാളുകൾ കൂൺകൃഷി നടത്തുന്ന ചെറുപുഴയിൽ ഹൈടെക് കൂൺകൃഷി ആരംഭിച്ചു. സംസ്ഥാന സർക്കാർ പയ്യന്നൂർ മണ്ഡലത്തിൽ അനുവദിച്ച കൂൺ ഗ്രാമം പദ്ധതി പ്രകാരമാണ് കൃഷി ആരംഭിച്ചത്. ചെറുപുഴ കൃഷിഭവന്റെ “ഒപ്പം” എന്ന കാർഷിക പരിശീലനപരിപാടിയിൽ പങ്കെടുത്ത് കൂൺ കൃഷി ആരംഭിച്ച പറോത്തുംനീരിലെ സജീഷ് - പ്രസീത ദമ്പതികളാണ് ഹൈടെക് കൂൺ കൃഷി യൂണിറ്റ് ആരംഭിച്ചത്.
ഇവർ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അംഗീകാരത്തോടെ കുഞ്ഞാറ്റ മഷ്റൂം എന്ന പേരിൽ ബ്രാൻഡ് ചെയ്ത് കൂൺ വിപണിയിൽ എത്തിക്കുന്നുണ്ട്. ചെറുപുഴ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂരിന്റെ നേതൃത്വത്തിലാണ് കർഷകർക്ക് കഴിഞ്ഞ വർഷം വ്യാപകമായി പരിശീലനം നൽകിയത്. കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് സ്ഥിരമായി വിത്ത് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
നിലവിൽ നിരവധി കുടുംബങ്ങൾ ഗാർഹിക ആവശ്യത്തിനും അഞ്ച് കുടുംബങ്ങൾ വാണിജ്യാടിസ്ഥാനത്തിലും കൂൺ ഉത്പാദിപ്പിക്കുന്നുണ്ട്. പയ്യന്നൂർ മണ്ഡലത്തിലെ ഈ വർഷത്തെ കൂൺ ഗ്രാമം പദ്ധതിയിൽ ചെറുപുഴ പഞ്ചായത്തിൽ ഒരു വൻകിട ഉത്പാദന യൂണിറ്റും ഒരു പ്രിസർവേഷൻ യൂണിറ്റും മൂന്ന് കമ്പോസ്റ്റ് യൂണിറ്റും 28 ചെറുകിട യൂണിറ്റും ലഭിച്ചിട്ടുണ്ട്.
വൻകിട യൂണിറ്റിന് അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരും. രണ്ട് ലക്ഷം രൂപ സഹായധനമായി നൽകുന്നു. കമ്പോസ്റ്റ് യൂണിറ്റിന് ഒരു ലക്ഷം രൂപ, പ്രിസർവേഷൻ യൂണിറ്റിന് രണ്ടു ലക്ഷം രൂപ എന്നിങ്ങനെ ചെലവ് വരും. ഇതിൽ പകുതി സഹായധനമാണ്. ചെറുകിട യൂണിറ്റുകൾക്ക് ആകെ ചെലവിന്റെ നാൽപത് ശതമാനമായ 11,250 രൂപ സഹായധനം ലഭിക്കും. പയ്യന്നൂർ ബ്ലോക്കിൽ ഏഴ് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.