ആനപ്പന്തി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ് കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്
1601074
Sunday, October 19, 2025 8:11 AM IST
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിൽ പണയം വച്ചിരുന്ന യഥാർഥ സ്വർണം മാറ്റി പകരം മുക്കുപണ്ടം വച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണം കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു.
വ്യക്തികൾ ബാങ്കിൽ പണയംവച്ച സ്വർണാഭരണങ്ങൾക്ക് പകരം അതേ അളവിൽ മുക്കുപണ്ടം വെച്ച് ഒരു കോടിയോളം രൂപയാണ് ബാങ്ക് ജീവനക്കാരനും സഹായിയും ചേർന്ന് തട്ടിപ്പ് നടത്തിയത്. ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിലെ കാഷ്യർ ആയിരുന്ന സുധീർ തോമസ്, സുഹൃത്ത് സുനീഷ് തോമസ് എന്നിവർ ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇരുവരെയും ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു .
കഴിഞ്ഞ മേയിലായിരുന്നു സംഭവം. തട്ടിപ്പ് പിടിക്കപ്പെടമെന്ന് ഉറപ്പായതോടെ ഒന്നാം പ്രതി ബാങ്കിന്റെ താക്കോൽ അടങ്ങിയ ബാഗ് ബാങ്കിന് മുന്നിൽവച്ചശേഷം ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യഥാർഥ സ്വർണത്തിന് പകരം മുക്കുപണ്ടങ്ങൾ വച്ച സംഭവം ബാങ്ക് അധികൃതർ കണ്ടെത്തുന്നത്.
ആസൂത്രിതമായ തട്ടിപ്പാണ് ഇവർ ആസൂത്രണം ചെയ്തത്. സ്ഥലത്തില്ലാത്തവരുടെ സ്വർണവും രണ്ടാംപ്രതി ബാങ്കിൽ പണയപ്പെടുത്തിയിരുന്ന സ്വർണവുമാണ് ഇവർ മാറ്റിയിരുന്നത് . മോഷ്ടിച്ച സ്വർണം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും വില്പന നടത്തുകയുമാണ് പ്രതികൾ ചെയ്തത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കീർത്തി ബാബുവിനാണ് അന്വേഷണ ചുമതല. പ്രതികളെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. രണ്ടുപേരുടെയും സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കും . കേസിൽ സംശയത്തിന്റെ നിഴലിലുള്ളവരെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്. തട്ടിപ്പിൽ ബാങ്കുമായി ബന്ധപ്പെട്ട മറ്റ് ചിലർക്കും ബന്ധമുണ്ടെന്നാണ് സൂചന.