മട്ടന്നൂർ, ഇരിട്ടി നഗരസഭകളിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ അവസാനഘട്ടത്തിൽ
1600523
Friday, October 17, 2025 8:01 AM IST
മട്ടന്നൂർ: മട്ടന്നൂർ, ഇരിട്ടി നഗരസഭകളിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ മട്ടന്നൂരിലെ പൈപ്പിടൽ അടുത്ത മാസത്തിനുള്ളിൽ പൂർത്തിയാകും. അടുത്ത വർഷം ജനുവരിയോടെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ ഉദ്ദേശിച്ചാണു പ്രവൃത്തികൾ പുരോഗമിക്കുന്നത്. കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുന്നതിന് 230 കോടി രൂപ ചെലവഴിച്ചാണു കിഫ്ബിയുടെ സഹായത്തോടെ രണ്ടു നഗരസഭകളിലായി പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന മൂന്നു ടാങ്കുകളുടെയും പ്രധാന പൈപ്പ് ലൈനിന്റെയും പ്രവൃത്തി നേരത്തെ പൂർത്തിയായിരുന്നു. മട്ടന്നൂരിലെ 13,240 വീടുകളിൽ പദ്ധതി വഴി കുടിവെള്ളമെത്തിക്കാനാണു ലക്ഷ്യമിടുന്നത്. ആകെ 326 കിലോമീറ്ററാണു നഗരസഭയിൽ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടത്. ഇതിൽ 110 കിലോമീറ്ററോളം പ്രവൃത്തി പൂർത്തിയായി.
പഴശി അണക്കെട്ടിനു സമീപം നിർമിച്ച കിണറിൽ നിന്നു വെള്ളം ചാവശേരി പറമ്പിലെ ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ചാണു ടാങ്കിലെത്തിച്ച് വിതരണം ചെയ്യുക. കീച്ചേരി മഞ്ചക്കുന്ന്, കൊതേരി എന്നിവിടങ്ങളിലും ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുമാണു വെള്ളം സംഭരിക്കാൻ ടാങ്കുകൾ നിർമിച്ചിട്ടുള്ളത്. പദ്ധതിക്കായി പഴശി അണക്കെട്ട് പരിസരത്ത് കൂറ്റൻ കിണറും നിർമിച്ചിട്ടുണ്ട്. ചാവശേരി പറമ്പിൽ 42 മില്യൻ ലിറ്റർ സംഭരണശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റും നിർമിച്ചു. പഴശി പദ്ധതി പ്രദേശത്ത് 33 കെവി സബ് സ്റ്റേഷന്റെ നിർമാണവും നേരത്തെ പൂർത്തിയായിരുന്നു.
മട്ടന്നൂർ, ഇരിട്ടി നഗരസഭകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി 2018ലാണ് 75 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് സമഗ്ര കുടിവെള്ള വിതരണ പദ്ധതിയെന്ന നിലയിൽ വിപുലപ്പെടുത്തുകയായിരുന്നു.
രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കോവിഡ് ഉൾപ്പെടെയുള്ളവ വിലങ്ങുതടിയായി. പൈപ്പിന്റെ ക്ഷാമവും ആദ്യഘട്ടത്തിൽ പ്രവൃത്തിയെ ബാധിച്ചു. അടുത്ത വർഷം പദ്ധതി വഴി വെള്ളം ലഭ്യമാക്കാനാണ് ജല അഥോറിറ്റി ലക്ഷ്യമിടുന്നത്.