തളിപ്പറമ്പിലെ തീപിടിത്തം; കടകൾക്ക് നോട്ടീസ് നൽകി ഫയർഫോഴ്സ്
1601069
Sunday, October 19, 2025 8:02 AM IST
തളിപ്പറമ്പ്: നഗരസഭയിലെ കെവി കോംപ്ലക്സിലുണ്ടായ വൻ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നടപടി കർശനമാക്കി തളിപ്പറമ്പ് ഫയർഫോഴ്സ്. കഴിഞ്ഞ ദിവസം മുതൽ ടൗണിലെ സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ. കുര്യാക്കോസിന്റെ നേതൃത്വത്തിൽ നോട്ടീസ് നൽകിയശേഷം തീ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിക്കാൻ നിർദേശം നൽകുകയായിരുന്നു.
കടകളിലെ ഫയർപ്രൊട്ടക്ഷൻ സംവിധാനങ്ങൾ കാര്യക്ഷമമാണോയെന്ന് പരിശോധിച്ചശേഷം നോട്ടീസ് നൽകുകയാണ്. സംവിധാനമില്ലെങ്കിലോ കാര്യക്ഷമം അല്ലെങ്കിലോ നോട്ടീസ് ലഭിച്ച് നിശ്ചിത ദിവസത്തിനകം ശരിയാക്കാനാണ് നിർദേശിക്കുന്നത്. കെട്ടിടത്തിന്റെ വയറിംഗ് സുരക്ഷിതമാണെന്ന കാര്യം അംഗീകൃത ഏജൻസിയെകൊണ്ട് പരിശോധിപ്പിച്ച് ഉറപ്പ് വരുത്തുക, മെയിൻ സ്വിച്ച് ബോർഡ്, പ്ലഗ് തുടങ്ങിയവയുടെ സമീപത്ത് സാധനങ്ങൾ സംഭരിച്ചുവയ്ക്കുന്നത് ഒഴിവാക്കുക, അളവിൽ കവിഞ്ഞ രീതിയിൽ സാധനങ്ങൾ കടയിൽ സ്റ്റോക്ക് ചെയ്യാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും നോട്ടീസിലുണ്ട്.
കഴിഞ്ഞ ദിവസം ഫയർസ്റ്റേഷനിൽ നടന്ന വ്യാപാരി നേതാക്കളുടെ യോഗത്തിൽ എല്ലാ സ്ഥാപനങ്ങളിലും തീ നിയന്ത്രണ വിധേയമാക്കുന്ന ഫയർ എക്സ്റ്റിക്യൂഷർ സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. 15 ദിവസത്തെ കാലാവധി കടയുടമകൾക്ക് നൽകും. ഇവ സ്ഥാപിക്കാത്ത കടകളുടെ വിവരങ്ങൾ ശേഖരിച്ച് നഗരസഭ അധികൃതർക്ക് കൈമാറി നടപടി സ്വീകരിക്കും.
നിലവിൽ പല കടകളിലും ഉപകരണം ഉണ്ടെങ്കിലും ജീവനക്കാർക്കോ ഉടമകൾക്കോ ഉപയോഗിക്കാൻ അറിയില്ല. ഇതിനാൽ അഞ്ച് ഘട്ടങ്ങളിലായി ഫയർഫോഴ്സ് പരിശീലനം നൽകും. വയറിംഗ് സംവിധാനങ്ങളുടെ പരിശോധന ഉൾപ്പെടെ വരുംദിവസങ്ങളിൽ നടക്കും. പരിശോധനയിൽസീനിയർ ഫയർ ഓഫീസർ വി. ജയകുമാർ, രാജീവൻ, അഭിനേഷ്, ഹോം ഗാർഡ് ധനഞ്ജയൻ എന്നിവർ പങ്കെടുത്തു.