മട്ടന്നൂർ പോളിടെക്നിക് കോളജ് വിദ്യാർഥി യൂണിയൻ കെഎസ്യുവിന്
1600607
Saturday, October 18, 2025 1:24 AM IST
മട്ടന്നൂർ: മട്ടന്നൂർ പോളിടെക്നിക് കോളജ് വിദ്യാർഥി യൂണിയൻ കെഎസ്യുവിന്. വർഷങ്ങളായി എസ്എഫ്ഐ നിലനിർത്തിയിരുന്ന യൂണിയനാണു കെഎസ്യു പിടിച്ചെടുത്തത്. ശക്തമായ പോലീസ് കാവലിലായിരുന്നു തെരഞ്ഞെടുപ്പ്. പോളിടെക്നിക് പ്രവർത്തനം ആരംഭിച്ച മുതൽ 34 വർഷത്തിലധികമായി എസ്എഫ്ഐ ഭരിച്ചിരുന്ന യൂണിയനാണ് കെഎസ്യു പിടിച്ചെടുത്തത്.
ചെയർമാനായി ആർ.കെ. അശ്വന്ത്, വൈസ് ചെയർമാനായി വി. അശ്വന്ത് കൃഷ്ണ, ലേഡി വൈസ് ചെയർമാനായി ടി.പി. ഷസ മിന്നത്ത്, ജനറൽ സെക്രട്ടറിയായി എസ്.ബി. സഫ്വാൻ, പിയുസിയായി അഹമ്മദിബ്നു മുഹമ്മദ്, മാഗസിൻ എഡിറ്ററായി എം. മുഹമ്മദ്, ആർട്സ് ക്ലബ് സെക്രട്ടറിയായി ടി. മുഹമ്മദ് അദ്നാൻ എന്നിവരെ തെരഞ്ഞെടുത്തു.
വിജയിച്ചവരെ ആനയിച്ച് കളറോഡ് പോളിടെക്നിക് പരിസരത്ത് നിന്ന് മട്ടന്നൂരിലേക്ക് ആഹ്ലാദ പ്രകടനം നടത്തി.
ചരിത്ര വിജയമാണ് നേടിയതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദും കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാടും പറഞ്ഞു.
മട്ടന്നൂർ ബസ് സ്റ്റാൻഡിൽ നടന്ന സമാപനത്തിൽ വി.ആർ. ഭാസ്കരൻ, സുരേഷ് മാവില, എ.കെ. രാജേഷ്, ഫർസീൻ മജീദ്, ഹരികൃഷ്ണൻ പാളാട്, ഹരി കൃഷ്ണൻ പൊറോറ തുടങ്ങിയവർ പ്രസംഗിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് കോളജ് പരിസരത്ത് ഏർപ്പെടുത്തിയത്.