എൽഡിഎഫ് നയങ്ങളോട് യോജിപ്പെന്ന് കേരള കോൺഗ്രസ് -എം
1601068
Sunday, October 19, 2025 8:01 AM IST
ചെമ്പന്തൊട്ടി: ബഫർസോൺ അനുകൂല വിധി, വനനിയമ ഭേദഗതി കരട് വിജ്ഞാപനം നിയമസഭ യിൽ അവതരിപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്, ഭൂ പതിവ് ചട്ടത്തിൽ കൊണ്ടുവന്ന രണ്ട് ഭേദഗതികൾ, വന്യജീവി സംരക്ഷണ നിയമത്തിന്റെ കേരള ഭേദഗതി, എയ്ഡഡ് മാനേജ്മെന്റുകൾ അഭിമുഖീകരിച്ച അധ്യാപക നിയമന പ്രതിസന്ധിക്കും മുനമ്പം ഭൂപ്രശ്നത്തിനും ശാശ്വതപരിഹാരം, മണിപ്പൂരിലെ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണം, അതുപോലെ വടക്കുകിഴക്കൻ സംസ്ഥാന ങ്ങളിലെ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം എന്നീ വിഷയങ്ങളിൽ പരിഹാരം കാണുവാൻ പാർട്ടിയും, ചെയർമാൻ ജോസ് കെ. മാണിയും ഇടപെടലുകൾ നടത്തിയെന്ന് കേരള കോൺഗ്രസ് -എം ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
കേരള കോൺഗ്രസ് -എം ചെയർമാൻ എന്ന നിലയിൽ ഉന്നയിക്കുന്ന എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ പരിഗണിക്കുകയും, ആവശ്യപ്പെടുന്ന എല്ലാ വിഷയങ്ങളിലും ഇടപെടലുകൽ നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തതായും യോഗം അവകാശപ്പെട്ടു.
കേരളത്തിൽനിന്ന് 19 എംപിമാർ യുഡിഎഫിന് ഉണ്ടായിട്ടും ജനങ്ങളുടെയും, കൃഷിക്കാരന്റേയും ശബ്ദമായി മാറാൻ ഇവർക്ക് സാധിച്ചിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിനെതിരേ സമരം ചെയ്തും, കുറ്റം പറഞ്ഞും കർഷകരെ വിഡ്ഢികളാക്കി അവഹേളിക്കുകയാണ് കോൺഗ്രസ്. കേരള കോൺഗ്രസ് -എം പാർട്ടിയുടെ അടിസ്ഥാന നയമായ കർഷക രക്ഷ, മതേതരത്വം, നവകേരളം എന്നീ പ്രഖ്യാപിത മുദ്രാവാക്യങ്ങളിൽ ഊന്നിയാണ് എൽഡിഎഫിനോടൊപ്പം കേരള കോൺഗ്രസ് -എം ഉറച്ചുനിന്നതെന്ന് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് ബിജു പുതുക്കള്ളിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻറ് ജോയികൊന്നക്കൽ ഉദ്ഘാടനം ചെയ്തു. ബിനു മണ്ഡപം, സി.ജെ. ജോൺ, പി.എസ്. ജോസഫ്, ബിനു ഇലവുങ്കൽ, സിബി പന്തപ്പാട്ട്, സണ്ണി മുക്കുഴി, ഷോണി അറയ്ക്കൽ, ജോളി പുതുശേരി,ഷാജി കുര്യൻ, ജോർജ് മേലേട്ട്, പി.പി. രാഘവൻ, തുടങ്ങിയവർ പ്രസംഗിച്ചു.