കാൽനടയാത്രികനെ ഇടിച്ചു നിർത്താതെ പോയ വാഹനം പോലീസ് കണ്ടെത്തി
1600610
Saturday, October 18, 2025 1:25 AM IST
കണ്ണൂർ: പെരിങ്ങത്തൂർ–കരിയാട് റോഡിൽ ബാലൻപീടികയിൽ ഒക്ടോബർ 10 ന് രാത്രി ഏഴിനും 7:15-നും ഇടയിൽ കാൽനടയാത്രികനെ ഇടിച്ചു നിർത്താതെ പോയ വാഹനത്തെ കണ്ടെത്തി ചൊക്ലി പോലീസ്.
അജ്ഞാത വാഹനം ഇടിച്ച് നിർത്താതെ പോയെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓടിച്ചിരുന്നത് റോയൽ എൻഫീൽഡ് കമ്പനിയുടെ മോട്ടോർസൈക്കിൾ ആണെന്ന് പോലീസ് കണ്ടെത്തുകയും വാഹനം ഓടിച്ചത് 17 വയസുകാരനാണെന്ന് പോലീസിന് ബോധ്യമാവുകയും ചെയ്തിട്ടുണ്ട്.
തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾക്കെതിരേ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൊക്ലി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. മഹേഷിന്റെ നിർദേശ പ്രകാരം സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, ശ്രീനിഷ്, ബാഗീഷ് എന്നിവർ ചേർന്ന് 30 ഓളം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ചു നിർത്താതെ പോയ വാഹനത്തെ കണ്ടെത്തിയത്.