കളക്ടറുടെ നിരോധന ഉത്തരവിലും കാര്യമില്ല; ചുഴലിയിൽ ചെങ്കൽ ഖനനം വ്യാപകം
1600617
Saturday, October 18, 2025 1:25 AM IST
ചപ്പാരപ്പടവ്: ചുഴലി വില്ലേജിലെ അനധികൃത ചെങ്കൽ ഖനനങ്ങൾ നിരോധിച്ചു കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെ മറികടന്നും മേഖലയിൽ ചെങ്കൽ ഖനനം സജീവം. ജനവാസ മേഖലയിലെ അപകട ഭീഷണിയും പാരിസ്ഥിതിക പ്രശ്നങ്ങളും കണക്കിലെടുത്ത് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കഴിഞ്ഞമാസം 24 നാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
തളിപ്പറമ്പ് തഹസിൽദാരുടെ റിപ്പോർട്ട് പ്രകാരം ചുഴലി വില്ലേജിലെ വിവിധ സർവേ നമ്പറുകളിലെ മിച്ച ഭൂമി, ദേവസ്വം ഭൂമി, സ്വകാര്യഭൂമി എന്നിവിടങ്ങളിലെ ഖനനങ്ങളാണ് നിരോധിച്ചിരുന്നത്. എന്നാൽ ലൈസൻസ് ഉള്ള ചില ക്വാറികൾക്ക് ഖനനം നടത്തുന്നതിനു അനുമതി നല്കിയിരുന്നു. ഇതിന്റെ മറവിലാണ് വ്യാജമായ രേഖകൾ ഉണ്ടാക്കി ചെങ്കൽ ഖനനം തുടരുന്നതെന്നാണ് പടപ്പേങ്ങാട് -ബാലേശുഗിരി ചെങ്കൽ ഖനന വിരുദ്ധ കർമസമിതിയുടെ ആരോപണം.
കൊളത്തൂർ, മാവിലൻപാറ, കണ്ണാടിപ്പാറ എന്നീ പ്രദേശങ്ങളിലെ ചെങ്കൽ ഖനനം നിമിത്തം പടപ്പേങ്ങാട്, ബാലേശുഗിരി പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിൽ മലിനജലം നിറയുന്നു എന്ന് ആരോപിച്ചാണ് ചെങ്കൽ ഖനനത്തിനെതിരേ കർമസമിതി രൂപീകരിച്ചത്. മലബാർ ദേവസ്വ ത്തിന് കീഴിലുള്ള ടിടികെ ദേവസ്വത്തിന്റെ അധീനതയിൽ ഉണ്ടായിരുന്ന ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് കൈയേറ്റം നടത്തി ചെങ്കൽ ഖനനം നടത്തുന്നത്.
പ്രാദേശികമായ രാഷ്ട്രീയ നേതാക്കന്മാരുടെ പിന്തുണയോടെ കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ചില സംഘങ്ങളാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകൾ ഉണ്ടാക്കിയതെന്ന് കർമസമിതി ആരോപിക്കുന്നു. വ്യാജ കൈവശ രേഖകൾ ഉപയോഗിച്ച് ജിയോളജി വകുപ്പിൽ നിന്നും അനുമതി സംഘടിപ്പിച്ചാണ് ഖനനം തുടരുന്നതെന്നാണ് ആരോപണം.
ഇതിനെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അടക്കമുള്ളവരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കർമസമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ സുനിജ ബാലകൃഷ്ണനും കൺവീനർ എ.എൻ.വിനോദും പറഞ്ഞു.
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു കഴിഞ്ഞമാസം നേരിട്ടു പ്രദേശത്തു പരിശോധന നടത്തിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് നിവേദനം നല്കുകയും ചെയ്തിരുന്നു. കർമസമിതിക്കെതിരേ ചില ക്വാറി ഉടമകൾ കോടതിയെ സമീപിക്കുകയും ചെയ്തി ട്ടുണ്ട്. ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് റോഡിൽ നിന്ന് ദൂരപരിധി പാലിക്കാതെ പോലും ചെങ്കൽപണങ്ങൾ പ്രവർത്തിക്കുന്നതും കൈയേറ്റങ്ങൾ തുടരുന്നതിലും പ്രതിഷേധ ശക്തമാവു കയാണ്.