നാടൻ തോക്കും തിരകളും വാറ്റുചാരായവും പിടിച്ചു
1600616
Saturday, October 18, 2025 1:25 AM IST
ചെറുപുഴ: നാടൻ തോക്കും തിരകളും വാറ്റുചാരായവും പിടിച്ചു. ചെറുപുഴ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ രാജഗിരി മരുതുംതട്ടിലെ മുതുപ്ലാക്കൽ ജോയിയുടെ (75) വീട്ടിൽ ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണു തോക്കും തിരകളും പിടികൂടിയത്.
ചെറുപുഴ എസ്ഐ രൂപ മധുസൂദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മരുതുംതട്ടിലെ വീട്ടിൽ പരിശോധന നടത്തിയത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ വീട്ടുടമ സ്ഥലത്തുണ്ടായിരുന്നില്ല.
ഈസമയം വീടിന്റെ പരിസരത്ത് ഒരാൾ നാടൻചാരായം വാറ്റുന്നുണ്ടായിരുന്നു. പോലീസിനെ കണ്ട ഉടൻ ഇയാൾ ഓടിരക്ഷപ്പെട്ടു. ഇയാളുടെ മൊബൈൽ ഫോൺ പോലീസിന് ലഭിച്ചതായി സൂചനയുണ്ട്. നാടൻ തോക്കിനു പുറമെ 50 തിരകൾ, അഞ്ചുലിറ്റർ നാടൻ ചാരായം, 250 ലിറ്ററിലേറെ വാഷ് എന്നിവയും വീട്ടിൽ നിന്നു കണ്ടെടുത്തു.
കുറെക്കാലമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. എസ്ഐ രൂപ മധുസൂദനനു പുറമെ സ്പെഷൽ ബ്രാഞ്ച് എസ്ഐ സി. വിജയൻ, എഎസ്ഐ പി. ബിജുമോൻ, പി.കെ. സുധീഷ്, ജോമോൻ തോമസ്, എൻ. സരോജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.