തീരാവേദനയായി അജീഷിന്റെ വേർപാട്
1600505
Friday, October 17, 2025 7:58 AM IST
ചപ്പാരപ്പടവ്: മലയോര മേഖലയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും കരുവഞ്ചാലിലെ രേഖ അഡ്വര്‍ടൈസിംഗ് സ്ഥാപന ഉടമയുമായ തടിക്കടവ് കരിങ്കയം കട്ടയാലിലെ സി.കെ. അജീഷിന്റെ(47) അപ്രതീക്ഷിത വേർപാട് മലയോരത്തിന് തീരാവേദനയായി.
രാഷ്ട്രീയ-സാമൂഹ്യ പ്രവര്ത്തകൻ കൂടിയായ അജീഷിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മലയോര മേഖലയിലെ രക്തദാന സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ നിരവധി പേര്‍ക്ക് പുനര്‍ജീവന്‍ നല്‍കുന്നതിന് ബ്ലഡ് ഡോണേഴ്സ് ഫോറം അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഏത് രാത്രിയിൽ രക്തത്തിനു വേണ്ടി വിളിച്ചാലും ഒരു മടിയും കൂടാതെ അജീഷ് വരികയോ മറ്റ് ഗ്രൂപ്പിലുള്ള രക്തമാണെങ്കിൽ അവരുടെ സഹായം ലഭ്യമാക്കുന്നതിന് ശ്രമിക്കുകയും ചെയ്യുമായിരുന്നുവെന്ന് സുഹൃത്തക്കൾ പറയുന്നു. രക്തം വേണ്ട വ്യക്തിക്ക് അതു കിട്ടി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ അജീഷ് മറ്റ് പ്രവർത്തനത്തിലേക്ക് കടക്കൂ.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുവഞ്ചാല്‍ യൂണിറ്റ് അംഗം കൂടിയാണ് അജീഷ്.