നിയമന അംഗീകാരം നൽകാത്തതിനെതിരേ എയ്ഡഡ് സ്കൂൾ മാനേജർമാർ സമരത്തിലേക്ക്
1601072
Sunday, October 19, 2025 8:11 AM IST
കണ്ണൂർ: എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും നിയമന അംഗീകാരം നൽകാത്തതിനെതിരേ പ്രൈവറ്റ് സ്കൂൾ (എയ്ഡഡ് ) മാനേജേഴ്സ് അസോസിയേഷൻ പ്രത്യക്ഷ സമരത്തിലേക്ക്. സമരത്തിനു തുടക്കം കുറിച്ച് 20ന് രാവിലെ 10ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ബ്രോഡ് ബീൻ ഓഡിറ്റോറിയത്തിൽ കെഇആർ ഒരു പുനർവായന, ഭിന്നശേഷി നിയമനം എന്നീ വിഷയങ്ങളിൽ പഠനക്ലാസ് നടത്തും. നവംബർ ഏഴിന് രാവിലെ 10ന് കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളിലെ അപാകതകൾ കാരണം അവ പൂർണമായി അംഗീകരിച്ചു കൊടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. 1995 ലെ പി ഡബ്ല്യുഡി ആക്ടിലെയും 1996 ലെ അംഗ പരിമിതരുടെ സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെയും 2016 ലെ ആർപിഡബ്ലിയുഡി ആക്ടിലെയും വ്യവസ്ഥകൾക്ക് കടകവിരുദ്ധമായ ഉത്തരവുകളാണ് സർക്കാർ ഇറക്കിയിട്ടുള്ളത്. ഉത്തരവുകളെ തുടർന്ന് മാനേജർമാർ നിയമിച്ച 16,000 അധ്യാപകർക്ക് നിയമന അംഗീകാരം ലഭിക്കാനുണ്ട്.
ഇതിൽ കുറേ അധ്യാപകർക്ക് ദിവസ വേതനം ലഭിക്കുന്നെങ്കിലും അംഗീകാരത്തിനുള്ള അപേക്ഷ നിരസിക്കുകയാണ്. ഭിന്നശേഷി സംവരണം, സംരക്ഷിത അധ്യാപക നിയമനം എന്നീ കാര്യങ്ങൾ ഉന്നയിച്ച് നിലവിലുള്ള ഉത്തരവുകളെ ദുർവ്യാഖ്യാനം ചെയ്താണ് ഉദ്യോഗസ്ഥർ നിയമനങ്ങൾ നിരസിക്കുന്നത്.
അധ്യാപക ബാങ്കിൽ നിന്നാണ് സംരക്ഷിത അധ്യാപകരെ നിയമിക്കേണ്ടത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് ഭിന്നശേഷിക്കാരെ നിയമിക്കേണ്ടത്. എന്നാൽ കണ്ണൂർ ജില്ലയിൽ അടക്കം അധ്യാപക ബാങ്കിൽ സംരക്ഷിത അധ്യാപകരില്ല. മാത്രമല്ല പൂർണ യോഗ്യത നേടിയ എത്ര ഭിന്നശേഷിക്കാർ നിയമനം കാത്തു കിടക്കുന്നുവെന്നതിന്റെ കണക്കുകൾ ലഭ്യവുമല്ല. ഈ അനീതികൾക്കെതിരേയാണ് സ്കൂൾ മാനേജർമാരുടെ സംഘടന സമരത്തിനിറങ്ങുന്നതെന്നും അവർ അറിയിച്ചു.
പത്രസമ്മേളനത്തിൽ ഭാരവാഹികളായ ദിനേശൻ മഠത്തിൽ, കെ.വി. സത്യനാദൻ, കെ. പ്രതീപ് കുമാർ, സി.വി. ബീരാൻകുട്ടി, കെ.പി. സതീശൻ എന്നിവർ പങ്കെടുത്തു.