പ്രഥമ കോട്ടൂർ സിഎസ്ടി ആശ്രമ ബൈബിൾ കൺവൻഷനു തുടക്കമായി
1601064
Sunday, October 19, 2025 8:01 AM IST
കോട്ടൂർ: വിശുദ്ധ ചെറുപുഷ്പത്തിന്റെ വിശുദ്ധ പദവിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ശ്രീകണ്ഠപുരം കോട്ടൂർ ലിറ്റിൽ ഫ്ലവർ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രഥമ കോട്ടൂർ സിഎസ്ടി ആശ്രമ ബൈബിൾ കൺവൻഷന് തുടക്കമായി. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത വചനപ്രഘോഷകൻ ഫാ.മാത്യു വയലാമണ്ണിൽ സിഎസ്ടിയാണു കൺവൻഷൻ നയിക്കുന്നത്. മലബാർ മേഖലയിൽ ചെറുപുഷ്പ സഭയുടെ പ്രഥമ ആശ്രമമായ കോട്ടൂർ സെന്റ് തോമസ് ആശ്രമത്തിന്റെ നേതൃത്വത്തിലാണു ബൈബിൾ കൺവൻഷൻ നടത്തുന്നത്.
ശ്രീകണ്ഠപുരം മേഖലയിലെ സാമൂഹിക, സാംസ്കാരിക, ബൗദ്ധിക, ആത്മീയ രംഗങ്ങളിൽ 1958 മുതൽ ഉണർവേകിവരുന്ന ചെറുപുഷ്പ സഭയുടെ സ്ഥാപനമാണ് കോട്ടൂരിലെ സെന്റ് തോമസ് ആശ്രമം. കോട്ടൂർ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ ഫ്ളവർ സിബിഎസ്ഇ സ്കൂൾ, കോട്ടൂർ പ്രൈവറ്റ് ഐടിഐ, സ്മിത്ത് ഇൻഡസ്ട്രി വർക്സ് എന്നിവ വർഷങ്ങളായി പ്രവർത്തിച്ചു വരുന്നുണ്ട്.
തലശേരി അതിരൂപതയുടെ കീഴിലുള്ള കോട്ടൂർ സെന്റ് തോമസ് ഇടവകയ്ക്കും ആത്മീയ നേതൃത്വം നൽകുന്നത് ചെറുപുഷ്പ സഭയുടെ സിഎസ്ടി വൈദികരാണ്. ചെറുപുഴ, ആലക്കോട്, പരിയാരം, തളിപ്പറമ്പ്, ഇരിട്ടി, ചെമ്പേരി, പയ്യാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനാളുകളാണ് ബൈബിൾ കൺവൻഷനിൽ പങ്കെടുക്കുന്നത്. കൺവൻഷൻ 20 ന് സമാപിക്കും.