റവന്യൂ ജില്ലാ സ്കൂൾ കായികമേള : ബഹുദൂരം പയ്യന്നൂർ
1600599
Saturday, October 18, 2025 1:24 AM IST
തലശേരി: റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാം ദിനം 68 മത്സരങ്ങൾ പൂർത്തിയായപ്പോൾ 152 പോയിന്റുമായി പയ്യന്നൂർ ഉപജില്ല ബഹൂദൂരം മുന്നിൽ. 61.25 പോയിന്റുമായി മട്ടന്നൂർ ഉപജില്ല രണ്ടാം സ്ഥാനത്തും 53 പോയിന്റുമായി ഇരിക്കൂർ മൂന്നാം സ്ഥാനത്തുമുണ്ട്. 48 പോയിന്റുള്ള ഇരിട്ടി ഉപജില്ലയാണ് നാലാം സ്ഥാനത്ത്.
രണ്ടാം ദിനവും ആറ് മീറ്റ് റിക്കാർഡുകൾ പിറന്നു. സബ് ജൂണിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിൽ മമ്പറം എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ബി.കെ. അന്‍വിക 11.6 മീറ്റര്‍ എറിഞ്ഞാണ് റിക്കാര്‍ഡ് തകര്‍ത്തത്. 2023 ല്‍ മട്ടന്നൂര്‍ എച്ച്എസ്എസിലെ ലാസിമ റഷീദിന്റെ 8.69 എന്ന മീറ്റ് റിക്കാർഡ് ആണ് അന്‍വിക പഴങ്കഥയാക്കിയത്. കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തില്‍ ഷോട്ട് പുട്ടില്‍ അന്‍വിക സ്വർണം നേടിയിരുന്നു. കുന്നിരിക്ക ചോല വീട്ടില്‍ രാജേഷ് -സജിന ദമ്പതികളുടെ മകളാണ്. ഇന്ന് നടക്കുന്ന ഡിസ്കസ് ത്രോ മത്സരത്തിലും അന്‍വിക പങ്കെടുക്കുന്നുണ്ട്.
ജൂണിയര്‍ ഗേള്‍സ് ഷോട്ട് പുട്ട് മത്സരത്തില്‍ മട്ടന്നൂര്‍ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ലാസിമ റഷീദ് റിക്കാർഡ് കു റിച്ചു. 10.33 മീറ്റര്‍ എറിഞ്ഞ് മണിക്കടവ് സെന്റ് തോമസ് എച്ച് എസ്എസിലെ എസ്. നിവേദ്യയുടെ 2023 ലെ 10.20 മീറ്റര്‍ എന്ന റിക്കാര്‍ഡാണ് ലാസിമ മറികടന്നത്.
ജൂണിയര്‍ ഗേള്‍സ് 100 മീറ്റര്‍ ഓട്ടത്തില്‍ തലശേരി സായിയിലെ ടി.പി. മിഥുന 12.32 സെക്കൻഡില്‍ മീറ്റ് റിക്കാർഡ് മറികടന്നു. സായിയിലെ ഇവാന ടോമിയുടെ 12.63 എന്ന മീറ്റ് റിക്കാര്‍ഡാണ് മറികടന്നത്. ജൂണിയര്‍ ബോയ്സ് 110 മീറ്റര്‍ ഹർഡില്‍സില്‍ കരിവെള്ളൂര്‍ എവിഎസ് ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിലെ കെ. അഭിനവ് 14.87 സെക്കൻഡില്‍ 2024 ലെ അല്വിന് സന്തോഷിന്റെ 16.09 സെക്കൻഡ് റിക്കാർഡ് മറികടന്നു.
ജൂണിയര്‍ ഗേള്‍സിന്റെ 100 മീറ്റര്‍ ഹർഡില്‍സില്‍ കണ്ണൂര്‍ ഗവ. വിഎച്ച്എസ്എസ് സ്പോര്‍ട്സിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ടി.വി. ദേവശ്രീ സ്വന്തം റിക്കാര്‍ഡ് മറികടന്നു. 2024 ല്‍ തന്റെ തന്നെ റിക്കാഡായ 15.83 സെക്കൻഡാണ് മറികടന്നത്.
ജൂണിയര്‍ ഗേള്‍സ് ഹാമര്‍ ത്രോ മത്സരത്തില്‍ മണക്കടവ് സെന്റ് തോമസ് ഹൈസ്കൂളിലെ റോസ് മരിയ ജോണിക്കുട്ടി 33.55 മീറ്റര്‍ എറിഞ്ഞ് സെന്റ് തോമസ് എച്ച്എസ്എസിലെ എം.എസ്. നിവേദിത യുടെ 2024 ലെ 33.33 മീറ്റര്‍ എന്ന മീറ്റ് റിക്കാർഡ് മറികടന്നു.
മൂന്നു ദിവസമായി നടക്കുന്ന കായിക മേള ഇന്ന് സമാപിക്കും. മഴയില്ലാതെ നല്ല കാലാവസ്ഥയിലായിരുന്നു രണ്ടാം ദിനം കടന്നുപോയത്.
നൂറു മീറ്റർ ഓട്ടം, ഹർഡിൽസ്, ഷോട്ട് പുട്ട്, ജാവലിൽ ത്രോ, പോൾ വാൾട്ട് മത്സരങ്ങൾ രണ്ടാം ദിനം ശ്രദ്ധേയമായിരുന്നു. മഴ മൂലം നിർത്തിവച്ച ജൂണിയർ ഗേൾസിന്റെ ഹൈജംപ് മത്സരവും ഇന്നലെ നടന്നിരുന്നു.