കുഞ്ഞിമംഗലത്ത് ക്ഷേത്രത്തിൽ മോഷണം
1461287
Tuesday, October 15, 2024 7:10 AM IST
പയ്യന്നൂർ: ഏഴിമല റെയിൽവേ സ്റ്റേഷന് സമീപത്തെ കുഞ്ഞിമംഗലം ശ്രീമുത്തപ്പൻ മഠപ്പുരയിൽ ഭണ്ഡാരം തകർത്ത് മോഷണം. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഇ. കുമാരന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. ഞായറാഴ്ച പുലർച്ചെ മുന്നേ മുക്കാലോടെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്.
ക്ഷേത്രത്തിന്റെ ഗ്രില്ലിന്റെ പൂട്ടുതകർത്ത് അകത്തുകയറിയ മോഷ്ടാവ് ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. ആറായിരം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നതായുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്.
നിരീക്ഷണ കാമറയിൽ പതിയാതിരിക്കാൻ കാട്ടിലൂടെയാണ് മോഷ്ടാവ് കയറി വന്നതെന്നാണ് നിഗമനം. 3.50 നാണ് മോഷണം നടന്നതെന്ന് കാമറ ദൃശ്യങ്ങളിലുണ്ട്. അതിന് മുമ്പ് ക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ പോലീസിന്റെ പട്രോളിംഗ് വാഹനം രണ്ടു പ്രാവശ്യം കടന്നുപോയതും കാമറ ദൃശ്യങ്ങളിലുണ്ട്.
കൃത്യമായി പരിസരവീക്ഷണം നടത്തിയാണ് മോഷണം നടന്നിരിക്കുന്നതെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. വണ്ണവും ഉയരവുമുള്ളയാളാണ് മോഷ്ടാവ്. ഡോഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.