മട്ടന്നൂർ സ്റ്റേഷനിലെ പോലീസുകാരെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം ; തങ്ങളെയും മാറ്റണമെന്ന് മറ്റു പോലീസുകാർ
1460298
Thursday, October 10, 2024 8:54 AM IST
മട്ടന്നൂർ: മാധ്യമ പ്രവർത്തകന് മർദനമേറ്റതുമായി ബന്ധപ്പെട്ട് മട്ടന്നൂർ സ്റ്റേഷനിലെ അഞ്ചു പോലീസുകാരെ സ്ഥലംമാറ്റിയ നടപടിയിൽ സേനാംഗങ്ങൾക്കുള്ളിൽ കടുത്ത അമർഷവും പ്രതിഷേധവും. സ്ഥലം മാറ്റപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നടപടിയിൽ പ്രതിഷേധിച്ചും മൂന്നു പോലീസുകാർ തങ്ങൾക്കും സ്ഥലം മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണർക്ക് അപേക്ഷ നൽകിയതായാണ് വിവരം.
അപേക്ഷയുടെ കോപ്പിയെന്ന പറയുന്ന രേഖ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്. മട്ടന്നൂരിൽ ഭീഷണിയും മാനസിക സമ്മർദ്ദവും നേരിടുന്നതിനാൽ മട്ടന്നൂർ സ്റ്റേഷനിൽ നിന്ന് മറ്റെവിടേക്കെങ്കിലും സ്ഥലം മാറ്റിത്തരണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെടുന്നത്.
മട്ടന്നൂർ ഗവ.പോളിടെക്നിക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ ദേശാഭിമാനി ലേഖകൻ ശരത്ത് പുതുക്കുടിക്ക് പോലീസിന്റെ മർദനമേറ്റതുമായി ബന്ധപ്പെട്ടായിരുന്നു അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഇവരെ കണ്ണൂർ സിറ്റിയിലേക്കാണ് സ്ഥലം മാറ്റിയത്.എന്നാൽ ഡ്യൂട്ടിയിലുള്ള പോലീസുകാരെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തവരെ മേലുദ്യോഗസ്ഥന്റെ നിർദേശപ്രകാരം പോലീസുകാർ വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുവരിക മാത്രമാണുണ്ടായതെന്ന് സ്ഥലം മാറ്റത്തിന് ഇപ്പോൾ അപേക്ഷ നൽകിയ ഒരു പോലീസുകാരൻ അപേക്ഷയിൽ പറയുന്നു. ഇക്കാര്യം ദൃശ്യങ്ങളിൽ വ്യക്തമായിട്ടും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായി.
കൂടാതെ നവമാധ്യമങ്ങളിൽ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നതായും പറയുന്നു. ഭാവിയിലും ഏതെങ്കിലും പ്രശ്നബാധിത സ്ഥലത്ത് മേലുദ്യോഗസ്ഥരുടെ നിർദേശാനുസരം പ്രവർത്തിച്ചാലും ഒരുപക്ഷേ നടപടിക്ക് താനും വിധേയനാകുമോ എന്ന മാനസിക സമ്മർദവും ആശങ്കയും കൂടി വരികയാണ്. അതിനാൽ മട്ടന്നൂരിൽനിന്ന് സ്ഥലം മാറ്റിത്തരണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെടുന്നത്. എന്നാൽ സ്ഥലംമാറ്റത്തിന് അപേക്ഷ ലഭിച്ചതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.