കുട്ടികളെ മൂല്യബോധമുള്ളവരാക്കുന്നതില് മിഷന്‍ലീഗിന്റെ പങ്ക് മഹത്തരം: മാര്‍ അലക്സ് താരാമംഗലം
1458653
Thursday, October 3, 2024 5:50 AM IST
വെള്ളരിക്കുണ്ട്: ജീവിതമൂല്യങ്ങൾ ബാലമനസില്‍ ഊട്ടിവളര്‍ത്താന്‍ ചെറുപുഷ്പ മിഷന്‍ലീഗ് വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം. തലശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ 65-ാം വാര്‍ഷികസമ്മേളനം വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹം, ത്യാഗം, സേവനം, സഹനം, ക്ഷമ എന്നീ മൂല്യങ്ങളിലൂന്നിയാണ് മിഷൻലീഗിന്റെ പ്രവർത്തനം. ഈശ്വരവിശ്വാസം കൈമോശം വരാതെ കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ജീവിതത്തില്‍ ശരിയായ ദിശാബോധം നല്കാന് മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഷന്‍ലീഗ് അതിരൂപത പ്രസിഡന്റ് ഷിജോ സ്രായില്‍ അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം അനുഗ്രഹപ്രഭാഷണം നടത്തി. വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപടവില്‍, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍,
വെള്ളരിക്കുണ്ട് ഫൊറോന വികാvരി റവ.ഡോ. ജോണ്സണ് അന്ത്യാംകുളം, മിഷന്‍ലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രേഷിത അവാര്‍ഡ് ജേതാക്കളായ ജിജു കോലക്കുന്നേല്‍, യാക്കോബപ്പന് എന്നിവരെ ആദരിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ.ജോസഫ് വടക്കേപറമ്പില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ബിജു കൊച്ചുപൂവക്കോട്ട് നന്ദിയും പറഞ്ഞു.
കൗണ്‍സില്‍ യോഗം വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യ ന് പാലാക്കുഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത വൈസ് പ്രസിഡന്റ് റെനില്‍ കൊടിയംകുന്നേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി ജയ്സണ്‍ പുളിച്ചമാക്കല്‍, അന്തര്‍ദേശീയ എക്സിക്യുട്ടീവ് മെംബര്‍ ഫാ.ആന്റണി തെക്കേമുറി, മാലോം മേഖല ഡയറക്ടര്‍ ഫാ.തോമസ് മരശേരി, റീജണല്‍ ഓര്‍ഗനൈസര്‍ സഖറിയാസ് തേക്കുംകാട്ടില്‍, അതിരൂപത ജൂണിയര്‍ പ്രസിഡന്റ് മാത്യു പാലാട്ടിക്കൂനത്താൻ, വെള്ളരിക്കുണ്ട് സണ്‍ഡേ സ്കൂള്‍ മുഖ്യാധ്യാപകന്‍ ജോസ് ഇലവുങ്കല്‍,
മേഖല പ്രസിഡന്റ് മനോജ് മുടവനാട്ട്, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ സൗമ്യ എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത ജനറല്‍ ഓര്‍ഗനൈസര്‍ അരുള്‍ പറയക്കുന്നേല്‍ നന്ദി പറഞ്ഞു. ലിനോള്‍ഡ് വട്ടക്കുന്നേല്‍, ആന്‍ ആഗ്നസ് താന്നിക്കല്‍ എന്നിവര്‍ ഗാനാലാപനം നടത്തി.
വർണാഭമായി വെള്ളരിക്കുണ്ട്
ഉച്ചകഴിഞ്ഞ് സെന്റ് ജൂഡ്സ് സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച വര്‍ണശബളമായ പ്രേഷിതറാലിയില് മഞ്ഞയും ചുവപ്പും നിറത്തിലുള്ള തൊപ്പികള്‍ അണിഞ്ഞും കൊടികളേന്തിയും ആയിരങ്ങളാണ് അണിനിരന്നത്. ചെണ്ടമേളത്തിന്റേയും നാസിക് ബാന്‍ഡിന്റേയും അകമ്പടിയോടെ ചട്ടയും മുണ്ടും പോലുള്ള പരമ്പരാഗത ക്രൈസ്തവവേഷങ്ങള് അണിഞ്ഞെത്തിയ കുരുന്നുകള്‍ റാലിയിലെ കൗതുകക്കാഴ്ചയായിരുന്നു.
വയനാട് മുണ്ടക്കൈ ദുരന്തം ഉള്‍പ്പെടെയുള്ളവയുടെ നിശ്ചലദൃശ്യങ്ങളും ശ്രദ്ധേയമായിരുന്നു. വെള്ളരിക്കുണ്ട് ടൗണ്‍ ചുറ്റി റാലി സെന്റ് എലിസബത്ത് സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു.