ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം അഴിമതി: നടപടിക്കായി പ്രതിഷേധം
1454227
Thursday, September 19, 2024 1:42 AM IST
ചെട്ടിയാംപറമ്പ്: ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് ധർണയും നടത്തി. സംഘം ഓഫീസിലേക്കു നടത്തിയ മാർച്ച് ധർണ കെപിസിസി അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.
ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ 27 ലക്ഷം രൂപയുടെ ക്രമക്കേടും, കാലിത്തീറ്റ വാങ്ങിയതിലും, സാലറി അഡ്വാൻസ് കൈപ്പറ്റിയതിലും പിഴവുണ്ടായെന്നുമായിരുന്നു ഓഡിറ്റ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഇവിടെ നടന്ന ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.
വാർഡ് പ്രസിഡന്റ് സജി മഠത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിജു ചാക്കോ, ജോണി പാമ്പാടി, നേതാക്കളായ ജോസ് നടപ്പുറം, ജോയ് വേളുപുഴ, അലക്സാണ്ടർ കുഴിമണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി.