കാണാതായ യുവാവ് കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ
1600225
Thursday, October 16, 2025 10:48 PM IST
മട്ടന്നൂർ: കാണാതായ യുവാവിനെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ എടക്കണ്ടി വീട്ടില്‍ കെ. ദിനേശൻ - ഭവിഷ ദമ്പതികളുടെ മകൻ കെ.സിദ്ധാർഥിനെ (20)യാണ് തലച്ചങ്ങാട് മുണ്ടച്ചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മട്ടന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സിദ്ധാർഥിനെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കാണാതായത്. ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയ സിദ്ധാർഥ് തിരിച്ചു വരാത്തതിനെ തുടർന്നു കുടുംബം മട്ടന്നൂർ പോലീസിൽ പരാതി നല്‍കുകയായിരുന്നു.
ബന്ധുക്കളും പോലീസും അന്വേഷണം നടത്തുന്നതി നിടെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മുണ്ടച്ചാലിൽ റോഡരികിലെ കാട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്ക് റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. ദുർഗന്ധമുണ്ടായതിനെ തുടർന്നു നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
മട്ടന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നു രാവിലെ നാട്ടിലെത്തിച്ച് 11.30 ന് പൊറോറ നിദ്രാലയത്തില്‍ സംസ്കരിക്കും.സഹോദരന്: സായന്ത്.