വെമ്പുഴ പ്രദേശവാസികൾക്ക് ദുരിതം ; പാലംപണി ഇഴഞ്ഞുതന്നെ
1453943
Wednesday, September 18, 2024 1:27 AM IST
ഇരിട്ടി: ആറുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നു പറഞ്ഞ പാലംനിർമാണം എട്ടുമാസം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. ഇതോടെ ദുരിതത്തിലായതാകട്ടെ പ്രദേശവാസികളും. മലയോര ഹൈവേയിൽ വള്ളിത്തോട് മണത്തണ റീച്ചിൽ കരിക്കോട്ടകരിയെയും എടൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഇപ്പോഴും എങ്ങുമെത്താതെ കിടക്കുന്നത്.
കാലാവർഷത്തിന് മുന്‍പ് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. പഴയ പാലം പൊളിച്ചാണ് പുതിയ പാലം നിർമിക്കുന്നത്. വാഹനങ്ങൾ കടന്നുപോകാൻ സമാന്തരമായി നിർമിച്ച താത്കാലിക പാത ആദ്യമഴയിൽ തന്നെ ഒഴുകി പോയിരുന്നു. പ്രദേശവാസികളുടെ എതിർപ്പിനെ വകവയ്ക്കാതെ വീണ്ടും സമാന്തരപാത നിർമിച്ചെങ്കിലും അടുത്ത ദിവസംതന്നെ അതും വെള്ളത്തിലായി.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപെട്ടു. നിലവിൽ യാത്രികർ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. വിദ്യാർഥികൾ അടക്കം യാത്രചെയ്യുന്ന വഴിയിൽ താത്കാലിക നടപ്പാലം പോലും നിർമിക്കാൻ അധികാരികളും കരാറുകാരും തയാറായിട്ടില്ല എന്നതും കടുത്ത വിമർശനങ്ങൾക്ക് കാരണമാകുന്നു.
കഴിഞ്ഞമാസം എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന പൊതുമരാമത്ത് അവലോകനയോഗത്തിൽ സമാന്തരപാത നിർമിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും ഒരുമാസം പിന്നിടുമ്പോഴും യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല.
പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗം മൂന്ന് മീറ്റർ കോൺക്രീറ്റ് ചെയ്യേണ്ട സ്ഥലത്തെ പണികൾ മാസങ്ങളായി ഇഴഞ്ഞു നീങ്ങുകയാണ്. പാലത്തിന്റെ നിർമാണത്തിൽ കരാറുകാരുടെ മെല്ലപ്പോക്കിന് ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതായി പ്രദേശവാസികൾ പറയുന്നു.