നവീകരിച്ച ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളി ഇന്ന് ആശീർവദിക്കും
1444071
Sunday, August 11, 2024 7:32 AM IST
ചെമ്പേരി: കുടിയേറ്റ ഗ്രാമമായ ചെമ്പേരിയിലെ ലൂർദ് മാതാ ഫൊറോന പള്ളിയെ ബസിലിക്കയായി ഉയർത്തിയതിന്റെ ഭാഗമായി കൂടുതൽ സൗകര്യങ്ങളോടെയും ഏറെ മനോഹരമായും നവീകരണം നടത്തിയ പള്ളിയുടെ ആശീർവാദകർമം ഇന്നു രാവിലെ ഒന്പതിന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും.
അതിരൂപത വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ എന്നിവർക്കൊപ്പം ചെമ്പേരി പള്ളിയിലെ വൈദികരും സഹകാർമികരായിരിക്കും.
മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ സൗകര്യപ്രദമായ രീതിയിൽ പള്ളിയുടെ ഇരുഭാഗത്തെയും മുറ്റങ്ങളിൽ വിശാലമായ പന്തലും ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 8.15 ന് ആർച്ച്ബിഷപ്പിനെ സ്വീകരിക്കാൻ പള്ളിയുടെ മുൻഭാഗത്തെ നടവഴിയിലുള്ള കൽക്കുരിശിനു സമീപം ഒത്തുചേരുന്ന എല്ലാവരും സ്വീകരണശേഷം പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിക്കും. 8.15 വരെ എത്തിച്ചേരുന്നവർ വാഹനങ്ങൾ പള്ളി ഗ്രൗണ്ടിൽ ക്രമമായി പാർക്ക് ചെയ്യണം.
തുടർന്ന് വരുന്നവർ പള്ളി ഗ്രൗണ്ടിൽ വാഹനങ്ങൾ കയറ്റാതെ നിർമല സ്കൂൾ, സെന്റ് തോമസ് സ്കൂൾ എന്നീ ഗ്രൗണ്ടുകളിലും ചെമ്പേരി മാർക്കറ്റിനു സമീപത്തെ ബസ്സ്റ്റാൻഡിലും പാർക്ക് ചെയ്ത് സഹകരിക്കേണ്ടതാണെന്ന് ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അറിയിച്ചു.