കലാലയങ്ങളിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെടുന്നത് അപലപനീയം: കെപിസിടിഎ
1430082
Wednesday, June 19, 2024 1:51 AM IST
കണ്ണൂർ: നാലുവർഷ ബിരുദം ആരംഭിക്കുന്നതിനു മുന്നോടിയായി അധ്യാപകർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിന്റെ നേതൃത്വത്തിൽ നേരിട്ട് ഓറിയന്റേഷൻ നൽകുന്നത് ഏത് സാഹചര്യത്തിലാണെങ്കിലും ഒഴിവാക്കേണ്ടതാണെന്ന് കെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാർ. പത്രസമ്മേളനം നടത്തി പറയേണ്ട കാര്യങ്ങൾ 28ന് ക്ലാസിന് അവധി നൽകി മന്ത്രി ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവരോട് സംസാരിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നു സംഘടന വിലിയിരുത്തി.
കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ന്യായത്തിന്റെ ലംഘനമായി ഇതിനെ കാണുന്നു. സർക്കാരോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ സർവകലാശാല അക്കാദമിക കാര്യങ്ങളിൽ ഇടപെടാൻ പാടില്ലെന്ന് വിധി ന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സർവകലാശാലകളും സ്വയംഭരണ സ്ഥാപനങ്ങളാണ്. അക്കാഡമിക് കാര്യങ്ങളിൽ കോടതി വിധിയുടെയും സാമാന്യയുക്തിയുടെയും അടിസ്ഥാനത്തിൽ വൈസ് ചാൻസലറുടെയും സിൻഡിക്കറ്റിന്റെയും അധികാരം കവർന്നെടുക്കുവാനുള്ള നീക്കങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പിൻവാങ്ങണമെന്ന് കെപിസിടിഎ ആവശ്യ പ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാർ അധ്യക്ഷത വഹിച്ചു. ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, റോണി ജോർജ്, ഡോ.എം. ബിജു ജോൺ, ഡോ. എ. ഏബ്രഹാം, ഡോ. ടി.കെ. ഉമർ ഫറൂഖ്, ഡോ. ജോപ്രസാദ് മാത്യു തുടങ്ങിയർ പ്രസംഗിച്ചു.