ഇടപാടുകൾക്ക് തടസമായി മുദ്രപത്ര ക്ഷാമം
1416481
Sunday, April 14, 2024 7:44 AM IST
കണ്ണൂർ: മുദ്രപത്ര ക്ഷാമം രൂക്ഷമായി. കൂടുതൽ ആവശ്യമുള്ളതും ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങളാണ് കിട്ടാനില്ലാത്തത്. ഇതോടെ ഇടപാടുകൾ നടക്കാത്ത നിലയിലാണ്. 50, 100,200 രൂപകളുടെ മുദ്രപത്രങ്ങളാണ് കഴിഞ്ഞ ഒന്നര മാസങ്ങളോളമായി കിട്ടാതായിരിക്കുന്നത്. ഇവയ്ക്ക് പകരം 500, 1000 രൂപ മൂല്യമുള്ളവ വാങ്ങിയാണ് ഇപ്പോൾ ആവശ്യം നിറവേറ്റുന്നത്.
ട്രഷറിയിലുള്ള സ്റ്റാമ്പ് ഡിപ്പോയിൽ ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ തീർന്നതാണ് ക്ഷാമത്തിന് കാരണമായി അധിക്യതർ പറയുന്നത്. ഉപയോഗശൂന്യമായി കിടന്ന മുദ്രപത്രങ്ങൾ ജില്ല സ്റ്റാമ്പ് ഡിപ്പോ ഓഫിസർമാരെ കൊണ്ട് പുനർമൂല്യനിർണയം നടത്തി 50 രൂപ, 100 രൂപ, 200രൂപ എന്നീ വിലയിലുള്ള മുദ്രപത്രമാക്കിയാണ് താത്കാലികമായി വിതരണം ചെയ്യുന്നത്.
തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് മുദ്രപത്രങ്ങൾ എത്തുന്നത്.ദൈനംദിന പ്രവൃത്തിക്കിടയിൽ വേണം ഇതുചെയ്യേണ്ടത് എന്നതിനാൽ ഒരു ദിവസം 300 മുതൽ 500 എണ്ണം വരെ മാത്രമേ സീൽ ചെയ്തു ഒപ്പുവച്ചു കംപ്യൂട്ടറിൽ സ്റ്റോക്ക് രേഖപ്പെടുത്തി വിതരണത്തിന് കൊടുക്കാൻ കഴിയൂ.
സർക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികൾ, സർട്ടിഫിക്കേറ്റുകൾ, വാടകക്കരാർ,വിദ്യാഭ്യാസ ആവശ്യങ്ങൾ,വിവിധ നിർമാണക്കരാറുകൾ, വായ്പ പുതുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയെത്തുന്നവർക്കാണ് ദുരിതം.
ഓഫീസുകളിൽ കെട്ടികിടക്കുന്ന കുറഞ്ഞ മൂല്യമുള്ള മുദ്രപത്രങ്ങൾ ഉയർന്ന മൂല്യമുള്ളതാക്കി സീൽ വച്ച് ഒപ്പിട്ട് മാറ്റുന്നതിന് 1. 80 പൈസ വച്ച് ലഭിക്കും. ജില്ലയിലെ ഉദ്യോഗസ്ഥർ ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന മുദ്രപത്രങ്ങൾ ഉയർന്നമൂല്യമുള്ളതാക്കി മാറ്റുന്നതിനാലാണ് സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ ക്ഷാമം റിപ്പോർട്ട് ചെയ്യാതിരിക്കുന്നതെന്നും അടുത്ത മാസം മുതൽ വിവിധ ആവശ്യങ്ങൾക്കുള്ള മുദ്രപത്രങ്ങൾക്ക് നിരക്ക് ഉയർത്തിയതും കുറഞ്ഞ വിലയുള്ളവ ഇറക്കുന്നതിൽ വിമുഖത കാട്ടുന്നതിന് കാരണമാകുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.
ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ എത്രയും പെട്ടെന്ന് വിപണിയിൽ ലഭ്യമാക്കണമെന്നും പൊതുജന ആവശ്യം മുൻനിറുത്തി ഇക്കാര്യത്തിൽ സർക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്നും ആധാരമെഴുത്തുകാർ ആവശ്യപ്പെട്ടു.
ദീപു മറ്റപ്പള്ളി