പോലീസ് വാഹനം ആക്രമിച്ചയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
1416478
Sunday, April 14, 2024 7:44 AM IST
തളിപ്പറമ്പ്: പോലീസ് ജീപ്പിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ദിനേശനെ കോടതി നിർദേശാനുസരണം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
തളിപ്പറമ്പ് കോര്‍ട്ട്റോഡില്‍ വച്ച് വെള്ളിയാഴ്ച വൈകുന്നേരം 6.45 ഓടെയായിരുന്നു ഇയാൾ ഇൻസ്പെക്ടർ എം.എൽ. ബെന്നിലാലും പോലീസുകാരും സഞ്ചരിച്ച ജീപ്പിന് കല്ലെറിഞ്ഞത്. കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകർന്നു. പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐ റഫീക്കിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിലയക്കാൻ നിർദേശിക്കുകയായിരുന്നു.
2018 മാര്‍ച്ച് എട്ടിന് തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് നേരെ അക്രമം നടത്തിയ കേസിലെ പ്രതി കൂടിയാണിയാൾ. ഈ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.