കൂട്ടുപുഴ തെരഞ്ഞെടുപ്പ് ചെക്ക്പോസ്റ്റിൽ പരിശോധന നടത്തി
1416474
Sunday, April 14, 2024 7:44 AM IST
ഇരിട്ടി: കണ്ണൂർ ലോക്സഭാ മണ്ഡത്തിലെ പോളിംഗ് ബൂത്തുകൾ, അതിർത്തി തെരഞ്ഞെടുപ്പ് ചെക്ക് പോസ്റ്റുകൾ, സ്ട്രോംഗ് റൂം തുടങ്ങിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമ പരിശോധനകൾക്കായി പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകൻ മാനവേന്ദ്ര പ്രതാപ് സിംഗ് ഇന്നലെ കൂട്ടുപുഴ തെരഞ്ഞെടുപ്പ് ചെക്ക്പോസ്റ്റിൽ പരിശോധന നടത്തി.
കൂട്ടുപുഴ ചെക്ക്പോസ്റ്റിലെ പരിശോധന നേരിട്ട് നിരീക്ഷിച്ച അദ്ദേഹം അതിർത്തിയിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിച്ച് പരിശോധന നടത്താൻ ബാരിക്കേഡുകൾ സ്ഥാപിക്കാനും നിർദേശിച്ചു. പേരാവൂർ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളായ സിഎംഐ ക്രൈസ്റ്റ് സ്കൂൾ, ബെൻ ഹിൽ സ്കൂൾ എന്നിവിടങ്ങളിലെ പോളിംഗ് ബൂത്തുകളും അദ്ദേഹം സന്ദർശിച്ചു. ഇരിട്ടി തഹസിൽദാർ എൻ.എസ്. ലാലിമോൾ, ഡെപ്യൂട്ടി തഹസിൽദാർ എൻ.കെ. മനോജ് എന്നിവർ ഒപ്പമുണ്ടയിരുന്നു.
പരിശോധന ശക്തം
കേരള അതിർത്തിയായ കൂട്ടുപുഴയിലും കർണാടകയുടെ മാക്കൂട്ടം ചെക്ക്പോസ്റ്റുകളിലും പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസം കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ നിന്നും കൃത്യമായ രേഖകൾ സൂക്ഷിക്കാത്ത ഒന്നര ലക്ഷം രൂപ കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത പണം എൻഫോഴ്സ്മെന്റിന് കൈമാറി.
പണത്തിന്റെ രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ഉടമസ്ഥന് പണം തിരികെ ലഭിക്കും. വിഷുവിനോട് അനുബന്ധിച്ച് ചെക്ക്പോസ്റ്റിൽ നല്ലതിരക്കാണ് അനുഭവപ്പെടുന്നത്. അവധി ആഘോഷിക്കാൻ നാട്ടിലേക്ക് എത്തുന്നവരാണ് യാത്രക്കാരിൽ അധികവും. പോലീസ്, എക്സൈസ്, കേന്ദ്രസേന തെരഞ്ഞെടുപ്പ് വിഭാഗം എന്നിങ്ങനെ നാലുവിഭാഗങ്ങൾ ഒന്നിച്ചുള്ള പരിശോധനയാണ് എവിടെ നടക്കുന്നത്.