കണ്ണൂർ വിമാനത്താവളത്തിൽ 32 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി
1396461
Thursday, February 29, 2024 8:06 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും വിദേശ കറൻസി പിടികൂടി. കോഴിക്കോട് വടകരയിലെ മണത്തലയിൽ അബ്ദുൾ നാസറിൽ നിന്നാണു 32 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസി പിടികൂടിയത്.
കണ്ണൂരിൽ നിന്നും ഷാർജയിലേക്കു പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പോകാനെത്തിയതായിരുന്നു അബ്ദുൾ നാസർ. വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണു വിദേശ കറൻസി പിടികൂടിയത്.
ഇയാളുടെ ബോക്സിനുള്ളിൽ സൂക്ഷിച്ചിരുന്ന ജീൻസ് പാന്റിന്റെ പോക്കറ്റിലും മറ്റുമാണ് വിദേശ കറൻസി ഒളിപ്പിച്ചിരുന്നത്. 20,000 യുഎസ് ഡോളർ, 65115 യുഎഇ ദിർഹം, 5500 ഖത്തർ റിയാൽ എന്നിവ അടങ്ങുന്ന വിദേശ കറൻസിയാണു പിടികൂടിയത്. കസ്റ്റംസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വി.പി. ബേബി, സൂപ്രണ്ടുമാരായ ഉണ്ണികൃഷ്ണൻ, സുമിത് കുമാർ, ആശിഷ് കുമാർ, ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമ്മി ജോസ്, രവിചന്ദ്ര, ഹവിൽദാർമാരായ വത്സല, ബോബിൻ, സഹായികളായ അക്ഷയ്, സീമ എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.