കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൗസ് സര്ജന്മാരുടെ പണിമുടക്ക് ഒരാഴ്ച പിന്നിട്ടു
1377527
Monday, December 11, 2023 1:25 AM IST
പരിയാരം: അഞ്ച് മാസമായി സ്റ്റൈപ്പൻഡ് ലഭിക്കാത്തതിനാൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൗസ് സര്ജന്മാരുടെ പണിമുടക്ക് സമരം ഒരാഴ്ച പിന്നിട്ടു. ഇതിനാൽ മെഡിക്കൽ കോളജിലെ പിജി ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് സ്റ്റാഫുകളും വിശ്രമമില്ലാത്ത വിധമുള്ള പ്രവർത്തനമാണ് നടത്തുന്നത്. ക്യാഷ്വാലിറ്റിയിലും, ജനറൽ മെഡിസിൻ വിഭാഗത്തിലും രോഗികൾ ബുദ്ധിമുട്ടുകയാണ്.
ഇന്നലെ വൈകുന്നേരം എം. വിജിൻ എംഎൽഎയുമായി സമരക്കാർ സംസാരിക്കുകയും ഇതിനെ തുടർന്ന് എംഎൽഎ ഇടപെട്ട് സംസ്ഥാന ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി ഇന്ന് ചർച്ച നടത്താൻ സമരപ്രതിനിധികൾക്ക് അവസരമൊരുക്കി.
സമരം അനാവശ്യമാണെന്ന വാദവുമായി പ്രിൻസിപ്പൽ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ, സമരം ന്യായമായ അവകാശത്തിന് വേണ്ടിയാണെന്ന് സമരക്കാരും പറയുന്നു. പിജി ഡോക്ടർമാരുടെ സംഘടനയും, എൻജിഒ അസോസിയേഷന്റേയും നഴ്സസ് യൂണിയന്റേയും എസ്എഫ്ഐയുടെയും പിന്തുണ സമരക്കാർക്കുണ്ട്.
ഹൗസ് സര്ജന്മാരുടെ സമരം തങ്ങളുടെ ജോലിഭാരം വര്ധിപ്പിച്ചിരിക്കയാണെന്നും ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ തങ്ങളും പണിമുടക്കിന് നിര്‍ബന്ധിതരായി തീരുമെന്നും കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് യൂണിറ്റ് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിരിക്കുകയാണ്. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് ഭാരിച്ച പ്രയത്നമായി മാറിയിരിക്കയാണെന്നും ഇനിയും തങ്ങള്‍ക്ക് ഇത് തുടരാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്‍ജിഒ അസോസിയേഷന് സമരം ഒത്തുതീര്‍ക്കുന്നതിനായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ അടിയന്തിര സന്ദേശമയച്ചിട്ടുണ്ട്. കേരള ഗവ. നഴ്സസ് യൂണിയൻ പരിയാരം യൂണിറ്റും ഹൗസ് സർജൻമാരുടെ സമരം മൂലം രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും അതിനാൽ ന്യായമായുള്ള ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം എത്രയും പെട്ടന്ന് ഒത്ത് തീർക്കണം എന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിന് കത്ത് നൽകിയിട്ടുണ്ട്.