ഉരുവച്ചാലില്‍ വീടിനോട് ചേർന്ന വിറകുപുരയ്ക്ക് തീ പിടിച്ചു
1377525
Monday, December 11, 2023 1:25 AM IST
മട്ടന്നൂര്‍: ഉരുവച്ചാലില്‍ വീടിനോട് ചേർന്ന വിറകുപുരയ്ക്ക് തീപിടിച്ചു. ഉരുവച്ചാൽ ടൗണിലെ അഫ്സീനാസിൽ ടി. മജീദിന്റെ വീട്ടിലായിരുന്നു സംഭവം. വിറകുപുരയിൽ റബർ ഉണക്കാൻ പുകയിട്ടതാണ് തീപിടിക്കാൻ കാരണം. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് പുകയും തീയും ഉയരുന്നത് ടൗണിലെ ഓട്ടോ ഡ്രൈവർമാരുടെയും നാട്ടുകാരുടെയും ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ വീട്ടുകാരെ വിവരം അറിയിച്ച് തീയണയ്ക്കാനുള്ള ശ്രമം നടത്തി. വൈദ്യുത ബന്ധം വിഛേദിച്ച് വിറകുപുരയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ പെട്ടെന്ന് നീക്കം ചെയ്തത് വൻ അപകടമൊഴിവാക്കി. മട്ടന്നൂർ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിലൊടുവിലാണ് തീയണച്ചത്. വയറിംഗ്, വെള്ളത്തിന്റെ പൈപ്പ്, അടുക്കള ഭാഗത്തെ ആസ്ബറ്റോസ് ഷീറ്റ് തുടങ്ങിയവ കത്തിനശിച്ചു.