അതിജീവനയാത്ര കർഷകന്റെ ഗതികേട് അറിയിക്കാൻ: മാർ ജോസഫ് പാംപ്ലാനി
1377520
Monday, December 11, 2023 1:25 AM IST
ഇരിട്ടി: കർഷകർ സമരത്തിലേക്ക് പോകുന്നു എന്നതിനേക്കാൾ ഉപരി കർഷകന്റെ ഗതികേട് സർക്കാരിനെ അറിയിക്കുന്നതിനാണ് അതിജീവന യാത്രയെന്ന് മാർ ജോസഫ് പാംപ്ലാനി. കർഷക അതിജീവന യാത്രയെക്കുറിച്ച് കീഴ്പ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ മലയോര മേഖലയിൽ മൂന്ന് പേരാണ് കടക്കെണിയിൽ ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് പോലുള്ള സർക്കാർ ബാങ്കുകളാണ് ജപ്തി നോട്ടീസ് നല്കി ഭീഷണിപ്പെടുത്തി മരണത്തിലേക്ക് ബോധപൂർവം തള്ളിവിടുന്നത്. കർഷകന്റെ ഉത്പന്നങ്ങൾക്ക് വില കിട്ടാത്ത വിഷയത്തിൽ സർക്കാർ സത്വരമായി ഇടപെടണം.
എല്ലാ വാഗ്ദാനങ്ങളും പൂർത്തീകരിച്ചു എന്ന് പറയുന്ന സർക്കാർ പ്രകടന പത്രികയിൽ പറയുന്ന കാര്യം എന്തുകൊണ്ട് നടപ്പിലാക്കുന്നില്ലായെന്ന് ആർച്ച് ബിഷപ് ചോദിച്ചു. റബറിന് 250 രൂപ വില നല്കുമെന്ന് സർക്കാർ പ്രകടന പത്രികയിൽ വാഗ്ദാനം നല്കിയിരുന്നു.
നവകേരള സദസിൽ മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സർക്കാർ വാഗ്ദാനങ്ങൾ നടപ്പിലാക്കിയാൽ തന്നെ കർഷകരുടെ പ്രതിസന്ധികൾ ഒഴിഞ്ഞുപോകും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്നും രക്ഷനേടാൻ സ്വന്തം ചെലവിൽ സോളാർ വേലികൾ നിർമിക്കേണ്ട ഗതികേടിലേക്ക് ജനങ്ങൾ എത്തിയിരിക്കുന്നത്. കർഷകന്റെ രക്ഷക്ക് ഇന്ന് ആരുമില്ല എന്ന തിരിച്ചറിവാണ് കാസർഗോഡുനിന്നും തിരുവനന്തപുരത്തേക്കുള്ള കർഷക അതിജീവന യാത്രയെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ലേ അപ്പോസ്തലേറ്റ് ഫൊറോനാ ഡയറക്ടർ ഫാ. വിന്റോ ചാക്യാരത്ത്, എകെസിസി എടൂർ ഫൊറോന പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം എന്നിവരും ആർച്ചിബിഷപ്പിനൊപ്പമുണ്ടായിരുന്നു.
കത്തോലിക്ക കോൺഗ്രസ്
അതിജീവനയാത്ര ഉദ്ഘാടനം ഇന്ന്
ഇരിട്ടി: കത്തോലിക്ക കോൺഗ്രസ് അതിജീവന യാത്ര ഉദ്ഘാടനം ഇന്ന്. ഇരിട്ടി വന്യജീവി ആക്രമണത്തിൽ മരണമടഞ്ഞ ജോസ് ആത്രശേരിയുടെ കബറിടം സന്ദർശിച്ച ശേഷം 3.30ന് ഇരിട്ടി പാലത്തിന് സമീപം ജാഥ ടീം അംഗങ്ങൾക്ക് സ്വീകരണം നല്കും.
റാലിയും തുടർന്ന് നടക്കുന്ന പൊതുസമ്മേളനവും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തും. ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രഫ.രാജീവ് കൊച്ചുപറമ്പിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഫാ. ജോസഫ് കാവനാടിയിൽ, ബേബി നെട്ടനാനി, ബെന്നി പുതിയാംപുറം എന്നിവർ പ്രസംഗിക്കും.