ഇന്ത്യയിൽ ഏറ്റവും കുറവ് അന്ധതയുള്ളത് തൃശൂർ ജില്ലയിൽ
1377519
Monday, December 11, 2023 1:25 AM IST
തലശേരി: ഇന്ത്യയിൽ ഏറ്റവും കുറവ് അന്ധതയുള്ളത് തൃശൂർ ജില്ലയിലാണെന്നും രാജ്യത്തെ
അന്ധതയുടെ മൊത്തം വ്യാപനം 0.36% ആണെന്നും നേത്രരോഗ വിദഗ്ധരുടെ സംസ്ഥാനതല സമ്മേളനം വിലയിരുത്തി. മെഡിഫൈൻ ഇൻസൈറ്റ് കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസിന്റെ നേതൃത്വത്തിൽ തലശേരിയിൽ നടന്ന നേത്രവിദഗ്ദരുടെ സമ്മേളനത്തിൽ നേത്ര രോഗത്തിന്റെ വിവിധ തലങ്ങൾ ചർച്ച ചെയ്തു.
ഇന്ത്യയിലുടനീളമുള്ള 24 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 31 ജില്ലകളിൽ (ഗ്രാമീണവും നഗരവും) നടത്തിയ സർവേയിലാണ് തൃശൂർ ജില്ലയിലാണ് അന്ധത കുറവെന്ന് കണ്ടെത്തിയത്.ഡൽഹിയിലെ എയിംസിലെ സെന്റർ ഫോർ ഒഫ്താൽമിക് സയൻസസാണ് അന്ധത, കാഴ്ച വൈകല്യ സർവേ നടത്തിയത്. ഇന്ത്യയിൽ ഗ്രാമീണരും നിരക്ഷരരുമായ ജനവിഭാഗങ്ങളിലാണ് അന്ധത കൂടുതലായി കണ്ടുവരുന്നത്.
തിമിരം, കോർണിയൽ അതാര്യത, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ ഉൾപ്പെടെയുള്ള റെറ്റിന രോഗങ്ങൾ, ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ലോക്കോമ എന്നിവയാണ്. തിമിര ശസ്ത്രക്രിയയുടെ ചെലവ്, തിമിര ശസ്ത്രക്രിയയെക്കുറിച്ചുള്ള അജ്ഞത, ശസ്ത്രക്രിയയെക്കുറിച്ചുള്ള ഭയം, ചികിത്സാ സൗകര്യങ്ങളുടെ അപ്രാപ്യത, ഇവയാണ് തിമിര അന്ധത ബാധിച്ചവരിൽ 48.1% പേർക്ക് ചികിത്സയും ചികിത്സയും നിഷേധിക്കപ്പെടാൻ കാരണം.
എന്നാൽ ഇന്ത്യയിൽ അന്ധത നിയന്ത്രിക്കുന്നതിനുള്ള ദേശീയ പരിപാടി വളരെ ഫലപ്രദമാണെന്ന് സർവേ കാണിക്കുന്നു, അന്ധതയുടെ വ്യാപനം 2010 ൽ 0.78% ൽ നിന്ന് 2019 ൽ 0.36% ആയി കുറഞ്ഞതായും സമ്മേളനം ചൂണ്ടിക്കാട്ടി. അന്ധത നിയന്ത്രണ പദ്ധതി ആരംഭിച്ച ആദ്യ രാജ്യമാണ് ഇന്ത്യയെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
പേൾ വ്യൂ റസിഡൻസിയിൽ നടന്ന സമ്മേളനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീനി എടക്ലോൺ അധ്യക്ഷത വഹിച്ചു. ഡോ. വനജ രാഘവൻ, ഡോ.സിമി മനോജ്കുമാർ, അരവിന്ദ് സി. നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. ഡോ. ശ്രീനി എടക്ലോൺ, ഡോ. ആകാശ് പട്ടേൽ, ഡോ. വി.എസ്. പ്രകാശ് , ഡോ. ഇന്ദു നാരായണൻ, ഡോ. അഞ്ജു ചന്ദ്രൻ, ഡോ. ജെമിനി ഐസക്, ഡോ. ഹരികൃഷ്ണൻ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.