മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവ് മരിച്ചു; ചികിത്സ ലഭിച്ചില്ലെന്ന് പരാതി
1377518
Monday, December 11, 2023 1:25 AM IST
ഇരിട്ടി: മഞ്ഞപ്പിത്തം ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ ആദിവാസി യുവാവ് മരിച്ചു. മരിച്ച അയ്യൻകുന്ന് പഞ്ചായത്തിലെ കൊട്ടുകപ്പാറയിലെ ഐഎച്ച്ഡിപി പട്ടികവർഗ കോളനിയിലെ രാജേഷിന് (22) കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
മൂന്നു ദിവസം മുമ്പ് ചികിത്സയ്ക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിയ യുവാവിനെ അന്നുതന്നെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ 5.30ന് മരണം സംഭവിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രാജേഷിന് വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നാണ് മാതാപിതാക്കളും സഹോദരിയും ആരോപിക്കുന്നത്.
വാർഡ് അംഗം ബീന റോജസും ഇതേ ആരോപണവുമായി രംഗത്തെത്തി. എന്നാൽ ചികിത്സ നല്കിയെന്നും രാജേഷിന്റെ ശ്വാസകോശത്തെയടക്കം രോഗം ബാധിച്ചതിനാൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഐഎച്ച്ഡിപി കോളനിയിലെ സുശീല -രാജു ദമ്പതികളുടെ മകനാണ് മരിച്ച രാജേഷ്. രാജി, രാഗേഷ് എന്നിവർ സഹോദരങ്ങളാണ്.
ഉച്ചയോടെ കീഴ്പള്ളി പുതിയങ്ങാടിയിലെത്തിച്ചു മൃതദേഹം സംസ്കരിച്ചു. സ്ഥലത്തെത്തിയ പേരാവൂർ നിയോജകമണ്ഡലം എംഎൽഎ സണ്ണി ജോസഫ് രാജേഷിന്റെ ബന്ധുക്കളുമായി സംസാരിച്ച ശേഷം ആരോഗ്യമന്ത്രി വീണ ജോർജിനെ വിളിച്ച് കുടുംബത്തിന്റെ പരാതി അറിയിച്ചു. അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി.
"പോയി ചത്തൂടെ..' ജീവനക്കാരുടെ
ചോദ്യം കേട്ട് ചങ്കുതകർന്ന് അമ്മ സുശീല
ഇരിട്ടി: "പോയി ചത്തൂടെ...'അയ്യൻകുന്ന് പഞ്ചായത്തിലെ കൊട്ടുകപ്പാറ ഐഎച്ച്ഡിപി കോളനിയിലെ ചികിത്സ ചോദിച്ചെത്തിയ ആദിവാസി യുവാവിനോട് കണ്ണൂർഗവ. മെഡിക്കൽ കോളജാശുപത്രിയിലെ ജീവനക്കാർ ചോദിച്ചതായി അമ്മ സുശീലയുടെ ഹൃദയഭേദകമായ വെളിപ്പെടുത്തൽ.
ടോയ്ലെറ്റിൽ പോകാൻ കൈയിലെ ഇഞ്ചക്ഷൻ മാറ്റിക്കൊടുക്കാൻ ആവശ്യപ്പെട്ടതിനും ശകാരം ഏല്ക്കേണ്ടി വന്നു. ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് രാജേഷിന്റെ അമ്മയും പെങ്ങളും ഉന്നയിക്കുന്നത്. പരിയാരം ആശുപത്രിയിലെ പ്രൊമോട്ടർ അടക്കം തങ്ങളോട് നീതി കാണിച്ചില്ലെന്ന് കുടുംബാംഗങ്ങൾ.
മഞ്ഞപ്പിത്തം പിടിപെട്ട് എത്തിയ രോഗിയെ നോക്കാൻ ഡോക്ടർ ആരും എത്തിയില്ലെന്നും പഠിക്കുന്ന കുട്ടികളാണ് സഹോദരനെ നോക്കിയതെന്നും ആരോഗ്യമന്ത്രിയോട് സഹോദരി പരാതിപ്പെട്ടു.