മാക്കൂട്ടം ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞ് കോഴികൾ ചത്തു
1377213
Sunday, December 10, 2023 1:58 AM IST
ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ കോഴിയെ കയറ്റിവരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞ് നൂറിലേറെ കോഴികൾ ചത്തു. ഇന്നലെ പുലർച്ചയോടെ ആയിരുന്നു അപകടം. വീരാജ്പേട്ട ഭാഗത്തുനിന്നും ഇറച്ചി കോഴികളുമായി ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനാണ് മാക്കൂട്ടം കാക്കത്തോട് ക്ഷേത്രത്തിനോട് ചേർന്ന പാലത്തിന് സമീപം മറിഞ്ഞത്.
വാഹനം റോഡിലേക്ക് മറിഞ്ഞു വീണതോടെ ഇതിൽ ഉണ്ടായിരുന്ന കോഴികളെ നിറച്ച പെട്ടികൾ മുഴുവൻ തോട്ടിലേക്ക് തെറിച്ചു വീണു. പതിനഞ്ച് മീറ്ററിലേറെ താഴ്ചയുള്ള തോട്ടിലേക്ക് വീണ പെട്ടികളിലുണ്ടായിരുന്ന നൂറിലേറെ കോഴികളാണ് ചത്തത്. ചുരം മേഖലയിൽ മാക്കൂട്ടം കാക്കത്തോട് ഭാഗങ്ങളിൽ അപകടം പതിവായിരിക്കുകയാണ്.
ചുരമിറങ്ങി വരുന്ന വാഹനങ്ങൾ നിരപ്പായ പ്രദേശത്ത് എത്തുന്നതോടെ വേഗതകൂട്ടുന്നത് അപകടത്തിന് കാരണം ആകുന്നു. ചുരം റോഡ് പൂർണ്ണമായും തകർന്നതും അപകടത്തിന് മറ്റൊരു കാരണമാണ്. അപകടത്തിൽ ആർക്കും പരിക്കില്ല.