പേരട്ട ബസ് സ്റ്റാൻഡിലെ പൂച്ചെടികൾ നശിപ്പിച്ചു; വാർഡ് മെംബറുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു
1377208
Sunday, December 10, 2023 1:58 AM IST
പേരട്ട: പേരട്ട ബസ് സ്റ്റാന്‍ഡിൽ ഡ്രൈവർമാർ നട്ട് പരിപാലിച്ചുപോന്ന ചെടികൾ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സാമൂഹ്യവിരുദ്ധർ ചെടികൾ നശിപ്പിച്ച ശേഷം പൂച്ചട്ടികൾ മോഷ്ടിക്കുകയും ചെയ്തു. 4000 രൂപ മുടക്കി സ്ഥാപിച്ച ചെടികളാണ് പലപ്പോഴായി പൂർണ്ണമായും മോഷണം പോകുകയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നത്.
ചെടികൾ നനക്കുന്നതിനായി വാങ്ങിയ 1500 രൂപയുടെ പൈപ്പും മോഷണം പോയിരുന്നു. പേരട്ടയിൽ സ്ഥിരം പോലീസ് സംവിധാനം വേണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിക്കാത്തതിലും ചെടികൾ നശിപ്പിക്കുന്നതിനും എതിരെ വാർഡ് മെംബർ ബിജു വെങ്ങലപള്ളിയുടെ നേതൃത്വത്തിൽ ഡ്രൈവർമാരും പൊതുപ്രവർത്തകരും ടൗണിൽ പ്രതിഷേധിച്ചു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണം ഈ മേഖലയിൽ വർധിക്കുന്നതായും പോലീസിന്റെ സാന്നിധ്യം ഇല്ലാത്തതുകൊണ്ട് രാത്രികാലങ്ങളിൽ ഇവരുടെ ശല്ല്യം വർധിക്കുന്നതായും വാർഡ് മെംബർ അംഗം ബിജു വെങ്ങലപ്പള്ളി പറഞ്ഞു.
പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചാൽ പോലും എട്ട് കിലോമീറ്റർ ദൂരത്തുനിന്നും പോലീസ് എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരിക്കും. അഞ്ചു മാസങ്ങൾക്ക് മുൻപ് പേരട്ടയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കളിത്തോക്ക് ചൂണ്ടി ജോലിക്കാരിയെ ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം നടന്നിരുന്നു.