അപ്പച്ചന് വളർത്തുപക്ഷികൾ നിരവധി; അവയെല്ലാം വിദേശികളുമാണ്...
1377206
Sunday, December 10, 2023 1:58 AM IST
നെല്ലിക്കുറ്റി: ഏറ്റുപാറയിലെ അപ്പച്ചന്റെ വീട്ടിലെത്തിയാൽ ഒരു പക്ഷി ഗവേഷണശാലയിലെത്തിയ പ്രതീതിയാണ്. വിവിധയിനം പക്ഷികളുടെ ശബ്ദകോലാഹലങ്ങളാൽ മുഖരിതമാണ് വീടും പരിസരവും. വീട്ടുമുറ്റത്തുതന്നെ രണ്ടു നിലകളിലായി സജ്ജമാക്കിയിട്ടുള്ള ഇരുമ്പുവല കൂടുകളിലാണ് നൂറുകണക്കിനു പക്ഷികളെ സംരക്ഷിച്ചിട്ടുള്ളത്.
ഏറ്റുപാറയിലെ ആദ്യകാല കർഷക കുടുംബാംഗമായ അട്ടങ്ങാട്ടിൽ എ.ജെ.ജോസഫ് എന്ന അപ്പച്ചൻ ബാല്യകാലം മുതലേ ഒരു പക്ഷി നിരീക്ഷകനും സംരക്ഷകനുമായിരുന്നു. മുൻകാലങ്ങളിൽ മലയോരങ്ങളിലെ വലിയ മരങ്ങളുടെ മുകളിൽ പലതരം കാട്ടുപക്ഷികളുടെ കൂടുകളിൽ മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ കാക്ക, പരുന്ത് തുടങ്ങിയവ ആക്രമിക്കുന്നത് പതിവായിരുന്നു. മരത്തിലെ കടുകളിൽനിന്നു താഴെ വീണു പരിക്കേൽക്കുന്ന പക്ഷിക്കുഞ്ഞുങ്ങളെ സംരക്ഷിച്ച് പരിപാലിക്കാൻ തയാറായതോടെയാണ് അപ്പച്ചന് പക്ഷികളോടുള്ള ഇഷ്ടം കൂടിയത്.
പിന്നീട് ഇന്ത്യൻ പക്ഷികളെ സ്വകാര്യ വ്യക്തികൾ വളർത്തുന്നതിന് നിരോധനം വന്നപ്പോഴാണ് അപ്പച്ചൻ വിദേശപക്ഷികളെ വാങ്ങി വളർത്താൻ തുടങ്ങിയത്. ഒരു ദശാബ്ദത്തിലേറെക്കാലമായി പന്ത്രണ്ടോളം ഇനങ്ങളിലായുള്ള വിദേശ പക്ഷികൾ അപ്പച്ചന്റെ സംരക്ഷണത്തിലുണ്ട്. രണ്ടുവർഷം മുമ്പാണ് ഇവയെ വളർത്തുന്നവർക്ക് വനംവകുപ്പ് ലൈസൻസ് നിർബന്ധമാക്കിയത്. ജോഡിക്ക് 300 മുതൽ ഒന്നര ലക്ഷം രൂപ വരെ വിപണി വിലയുള്ള പക്ഷികളാണ് അപ്പച്ചന്റെ ശേഖരത്തിലുള്ളത്. ഇൻഡോനേഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക, ഫ്ലോറിഡ, ബ്രസീൽ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വളർത്തു പക്ഷികളെ ഇറക്കുമതി ചെയ്യുന്ന കോയമ്പത്തൂർ, കോൽക്കത്ത എന്നിവിടങ്ങളിലെ ഏജൻസികളിൽ നിന്നാണ് ഇദ്ദേഹം വിവിധയിനം പക്ഷികളെ വാങ്ങിയിട്ടുള്ളത്.
ആഫ്രിക്കൻ ഗ്രേ പാരറ്റ് എന്നയിനം ചാരനിറമുള്ള തത്തയാണ് നിലവിലുള്ള പക്ഷികളിൽ ഏറ്റവും വലുത്. ഇതിന്റെ കുഞ്ഞിന് നാൽപ്പതിനായിരവും പൂർണ വളർച്ചയെത്തിയതിന് ഒന്നര ലക്ഷവും ജോഡിക്ക് വിലയുണ്ട്. ലോകത്തിലെ ഏതു ഭാഷയിലും കേട്ടുപഠിച്ച് സംസാരിക്കാൻ കഴിവുള്ളതാണ് ഈയിനം തത്ത. കൂടാതെ കൊണ്യൂർ, സൺ കൊണ്യൂർ, കൊക്കറ്റയിൽ എന്നീയിനം തത്തകൾ, ജാവാ സ്പാരോ എന്നയിനം കുരുവികൾ, ഡയമണ്ട് ഡോവ് പ്രാവുകൾ, ചെറിയ ഇനം അലങ്കാര പക്ഷികളായ ആഫ്രിക്കൻ ലൗ ബേർഡ്, ഓസ്ട്രേലിയൻ ലൗ ബേർഡ് എന്നിയേയും വളർത്തി പ്രജനനം നടത്തി വരുന്നുണ്ട്. ചെറുധാന്യങ്ങൾ, പഴവർഗങ്ങൾ, എഗ് ഫുഡ്, ഹാൻഫീഡ്, സാധാരണ പച്ച വെള്ളം എന്നിവ കൂടാതെ രോഗ പ്രതിരോധശേഷിക്കായി തുളസി, പനിക്കൂർക്ക, പുതിന, മല്ലി എന്നിവയുടെ ഇലകളും പക്ഷികൾക്ക് ഭക്ഷണമായി നൽകാറുണ്ട്.
ഇവിടെ മുട്ട വിരിഞ്ഞുണ്ടാകുന്ന പക്ഷിക്കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് വില്പന നടത്തുകയാണ് ചെയ്യാറുള്ളത്. കോവിഡ് പ്രതിസന്ധിയുടെ നാളുകൾ വരെ പക്ഷിക്കുഞ്ഞുങ്ങളുടെ വിപണനത്തിലൂടെ മികച്ച വരുമാനവും ലഭിച്ചിരുന്നു. കോവിഡിനു ശേഷം പൊതുവെ വിപണിയിലുണ്ടായ മാന്ദ്യം മൂലം ചെറു പക്ഷികൾക്ക് ആവശ്യക്കാർ കുറഞ്ഞിട്ടുണ്ട്. വലിയ ഇനങ്ങൾ അന്വേഷിച്ച് ആവശ്യക്കാരെത്തുന്നുണ്ടെന്നും അപ്പച്ചൻ പറഞ്ഞു. പക്ഷി വളർത്തലിനൊപ്പം പുതുതായി വ്യത്യസ്തയിനം ഗപ്പി, അലങ്കാര മത്സ്യങ്ങൾ എന്നിവയുടെ ഉത്പാദനവും ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടത്തി വരുന്ന അപ്പച്ചന്റെ പ്രവർത്തനങ്ങളിൽ സഹായിയായി ഭാര്യ അന്നമ്മയും ഒപ്പമുണ്ട്. ഫോൺ : 9446262910.
സ്വന്തം ലേഖകൻ