നെല്ലിക്കുറ്റിയിലെ നീന്തൽകുളം വികസിപ്പിക്കണം
1377204
Sunday, December 10, 2023 1:57 AM IST
നെല്ലിക്കുറ്റി: മലയോര മേഖലയിലെ മുഴുവൻ സ്കൂൾ വിദ്യാർഥികൾക്കും നീന്തൽ പരിശീലനത്തിന് അവസരമൊരുക്കിയ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിനു സമീപത്തെ നീന്തൽ കുളം വികസിപ്പിക്കണമെന്ന ആവിശ്യം ശക്തമാകുന്നു. 2010ൽ എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന നെല്ലിക്കുറ്റി സ്വദേശി ജോണി മുണ്ടയ്ക്കൽ മുൻകൈയെടുത്താണ് ഇവിടെ നീന്തൽകുളത്തിന് തുടക്കം കുറിച്ചത്.
പിന്നീട് ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്ന് ഏഴരലക്ഷം രൂപയും മുൻ മന്ത്രി കെ.സി.ജോസഫ് ഇരുപത്തഞ്ച് ലക്ഷം രൂപയും നവീകരണ പ്രവൃത്തികൾക്കായി അനുവദിച്ചപ്പോൾ നീന്തൽകുളത്തിന് സമീപം തന്നെ ഡ്രസിംഗ് റൂം സൗകര്യമുള്ള കെട്ടിടവും സജ്ജമാക്കിയിരുന്നു. സ്കൂൾ വിദ്യാർഥികൾക്കായുള്ള ഉപജില്ലാ, ജില്ലാതല നീന്തൽ മത്സരങ്ങൾക്ക് വേദിയാകാറുള്ള ഈ നീന്തൽകുളത്തിൽ പ്രദേശത്തെ നിരവധി സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ നീന്തൽ പരിശീലനത്തിനായും എത്താറുണ്ട്. ഏരുവേശി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലാണെങ്കിലും സമീപത്ത് തന്നെയുള്ള സ്കൂൾ അധികൃതരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
പകൽ സമയങ്ങളിൽ സ്കൂളിലെ അധ്യാപകരുടെ ശ്രദ്ധ ലഭിക്കുന്നുണ്ടെങ്കിലും സദാസമയവും തുറന്ന നിലയിലായതിനാൽ രാത്രി കാലങ്ങളിലും സ്കൂൾ അവധി ദിവസങ്ങളിലും നീന്തൽകുളത്തിലും സമീപത്തെ ഡ്രസിംഗ് റൂം കെട്ടിടത്തിലും സാമൂഹിക വിരുദ്ധ ശല്യം ഏറി വരുന്നതായി പരാതിയുണ്ട്. ഇതിന് പരിഹാരമായി നീന്തൽകുളത്തിന് ചുറ്റുമതിലും അടച്ചുറപ്പുള്ള ഗേറ്റും സ്ഥാപിക്കണമെന്നതാണ് അടിയന്തര ആവശ്യങ്ങളിൽ പ്രധാനം. നിലവിൽ വേനൽ രൂക്ഷമാകുന്ന മാർച്ച് മാസം വരെ വെള്ളമൊഴുക്കുള്ള നിർച്ചാലിൽ നിർമിച്ച തടയണയിൽ മരപ്പലക കൊണ്ടുള്ള ഷട്ടറിട്ടാണ് നീന്തൽകുളത്തിൽ വെളളം സംഭരിക്കുന്നത്. പ്രായം കുറഞ്ഞ കുട്ടികൾ നീന്തൽ പഠിക്കാനെത്തുമ്പോൾ കുളത്തിലെ ജലവിതാനം കുറക്കണമെങ്കിൽ മരപ്പലക ഷട്ടർ ഉയർത്താൻ ഏറെപ്പേരുടെ അധ്വാനം ആവശ്യമാണ്.
ഇതിന് പരിഹാരമായി ഇവിടെ വൈദ്യുത മോട്ടോറിൽ പ്രവർത്തിക്കുന്ന ഇരുമ്പ് ഷട്ടർ സ്ഥാപിക്കണമെന്നതാണ് മറ്റൊരവശ്യം. ഏരുവേശി പഞ്ചായത്തിൽ നിന്ന് അനുവദിച്ചതുൾപ്പെടെ അറുപത് ലക്ഷത്തോളം രൂപയാണ് ഇതുവരെ നീന്തൽകുളത്തിനായി ചെലവഴിച്ചിട്ടുള്ളത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേയും പരിഗണന കൂടി ലഭിക്കണ്ടേ മലയോരത്തെ പ്രമുഖ നീന്തൽകുളത്തിന്റെ വികസനത്തിനാവശ്യമായ ഫണ്ട് ബന്ധപ്പെട്ട അധികൃതർ എത്രയും വേഗത്തിൽ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് നീന്തൽ പരിശീലകരും വിദ്യാർഥികളും.