പരിപ്പുതോട് പാലത്തിന് പുനർജന്മം: 1.5 കോടി അനുവദിച്ചു
1377014
Saturday, December 9, 2023 2:13 AM IST
ഇരിട്ടി: നാലുവർഷം മുൻമ്പ് ഉണ്ടായ പ്രളയത്തിൽ തകർന്ന പരിപ്പുതോട് പാലം പുതുക്കി പണിയാൻ 1.5 കോടി രൂപ അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെയും, ജില്ലാ-ഗ്രാമപഞ്ചായത്തുകളുടെയും വിഹിതവും ചേർത്താണ് പുതിയ പാലം നിർമിക്കുന്നത്. 2018ലെ പ്രളയത്തിലാണ് പാലം തകർന്നത്. ഇതോടെ വിയറ്റ്നാം നിവാസികളുടെ യാത്ര പ്രതിസന്ധിയിലായി. കോടികളുടെ പ്രളയ പുനരുദ്ധാരണ പദ്ധതികളൊക്കെ പ്രഖ്യാപിച്ചെങ്കിലും ചെറിയൊരു പാലത്തിനായി നാലുവർഷമായി നാട്ടുകാർ കാത്തിരിക്കുകയായിരുന്നു.
പാലം തകർന്നതോടെ തോടിന് ഇരുവശങ്ങളിലും ക്വാറി വേസ്റ്റ് നിറച്ച് ചപ്പാത്ത് പണിതാണ് നാട്ടുകാരുടെ യാത്ര. കാലവർഷത്തിൽ തോട്ടിൽ വെളളം നിറഞ്ഞ് യാത്ര പ്രസിസന്ധിയിലാകുമായിരുന്നു. പുതിയ പാലം ഇതിനൊക്കെ പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികൾ.
പാലത്തിന് സംസ്ഥാന സർക്കാർ വിഹിതമായി 38 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 37 ലക്ഷം രൂപയും ആറളം പഞ്ചായത്ത് 30 ലക്ഷം രൂപയുമാണ് വിനിയോഗിക്കുക. 17 മീറ്റർ നീളത്തിലും എട്ടുമീറ്റർ വീതിയിലുമാണ് പുതിയ പാലം പണിയുന്നത്. 15ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പാലത്തിന്റെ പ്രവ്യത്തി ഉദ്ഘാടനം ചെയ്യും. ആറളം പഞ്ചായത്ത് പ്രസിഡണന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിക്കും.