ഗവ. മെഡിക്കൽ കോളജിൽ ഹൗസ് സര്ജന്മാരുടെ പണിമുടക്ക് തുടരുന്നു
1377012
Saturday, December 9, 2023 2:13 AM IST
പരിയാരം: കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന ഹൗസ് സര്ജന്മാരുടെ പണിമുടക്ക് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായി. ഇന്ന് ആറാം ദിവസത്തേക്ക് കടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ കാര്യമായ നീക്കങ്ങളൊന്നും തന്നെ നടക്കാത്ത സാഹചര്യത്തില്‍ പിജി അസോസിയേഷന് കൂടി പണിമുടക്കില്‍ പങ്കെടുത്ത് സമരം സജീവമാക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. എസ്എഫ്ഐ ജില്ലാ നേതാക്കളും ഇന്നലെ വൈകുന്നേരം സമരപ്പന്തലിലെത്തി പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ധനകാര്യ സെക്രട്ടറിയുമായി ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് ചര്‍ച നടത്താനുള്ള സംവിധാനമൊരുക്കുമെന്ന് എസ്എഫ്ഐ നേതാക്കള്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സഞ്ജീവ് എന്നിവരാണ് സമരപന്തലിലെത്തി ഹൗസ് സര്ജന്മാരുടെ സമരത്തിന് പിന്തുണയറയിച്ചത്. ഇതിനിടെ ഹൗസ് സര്ജന്മാരുടെ സമരം തങ്ങളുടെ ജോലിഭാരം വര്ധിപ്പിച്ചിരിക്കയാണെന്നും ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ തങ്ങളും പണിമുടക്കിന് നിര്‍ബന്ധിതരായി തീരുമെന്നും കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവറ്റ് അസോസിയേഷന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് യൂണിറ്റ് പ്രസിഡന്റ് കെ.ആര്. ഉമാദേവിയും കേരളാ ഗവ. നഴ്സസ് യൂണിയന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് യൂണിറ്റ് പ്രസിഡന്റ് റോബിന്‍ബേബി എന്നിവരും പ്രിന്‍സിപ്പലിന് കത്ത്നല്‍കി.
ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് ഭാരിച്ച പ്രയത്നമായി മാറിയിരിക്കയാണെന്നും ഇനിയും തങ്ങള്‍ക്ക് ഇത് തുടരാനാവില്ലെന്നും ഇവര്‍ കത്തിൽ വ്യക്തമാക്കി. എന്‍ജിഒ അസോസിയേഷന് പരിയാരം ബ്രാഞ്ച് സെക്രട്ടറി യു.കെ. മനോഹരന് സമരം ഒത്തുതീര്‍ക്കുന്നതിനായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ അടിയന്തിര സന്ദേശമയച്ചു.
കേരള ഗവ. നഴ്സസ് യൂണിയൻ പരിയാരം യൂണിറ്റും ഹൗസ് സർജൻമാരുടെ സമരം മൂലം രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും അതിനാൽ ന്യായമായുള്ള ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം എത്രയും പെട്ടന്ന് ഒത്ത് തീർക്കണം എന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിന് കത്ത് നൽകിയിട്ടുണ്ട്.