ജപ്തി നടപടികൾക്കു പിന്നിൽ ഭൂമാഫിയയും ബാങ്ക് അധികാരികളും: മാർ ജോസഫ് പാംപ്ലാനി
1377010
Saturday, December 9, 2023 2:13 AM IST
ഇരിട്ടി: കോർപറേറ്റ് കമ്പനികളുടെ കോടിക്കണക്കിന് വായ്പകൾ എഴുതിത്തള്ളുന്ന ബാങ്കുകൾ കർഷകന്റെ തുച്ഛമായ വായ്പായുടെ പേരിൽ ജപ്തിനടപടികൾ സ്വീകരിക്കുന്നതിന് പിന്നിൽ ഭൂമാഫിയയുടേയും ചില ബാങ്ക് അധികാരികളുടെയും ഒത്തുകളിയെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. കേരള കർഷക അതിജീവന സംയുക്ത സമിതി (കാസ്) ജില്ലാ കൺവൻഷനും ജപ്തി വിരുദ്ധ സമര പ്രഖ്യാപനവും ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്.
ഇനി മുതൽ അതിജീവനത്തിന്റെ സമരമാണെന്നും കർഷകന്റെ ഒരു സെന്റ് ഭൂമിപോലും നഷ്ടപ്പെടാൻ അനുവദിക്കരുതെന്നും അതിനായി കക്ഷി രാഷ്ട്രീയ വ്യത്യാസം മറന്ന് ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇരിട്ടി സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ജില്ലാ കൺവൻഷനിൽ കാസ് സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ബിനോയി തോമസ് അധ്യക്ഷത വഹിച്ചു. കാസ് സംസ്ഥാന സെക്രട്ടറി ബോണി ജേക്കബ്, എസ്എൻഡിപി ഇരിട്ടി യൂണിയൻ സെക്രട്ടറി പി. എൻ. ബാബു, ഇൻഫാം സംസ്ഥാന വൈസ് പ്രസിഡന്റ് സ്കറിയ നെല്ലംകുഴി, എകെസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ബോബി നെട്ടനാനി, കെസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് മാത്യു, ബെന്നി പുതിയാംപുറം, കുര്യാക്കോസ് പുതിയേടത്ത്പറമ്പിൽ, പവിത്രൻ കൊതേരി, ജോസഫ് വടക്കേക്കര, ജിൽസ് മേക്കൽ,അൻവർ കരുവഞ്ചാൽ, ഷീബ തെക്കേടത്ത്, ബാബു ഉളിക്കൽ, ജയിസ് പന്നിയാമ്മാക്കൽ, അഡ്വ. തുളസീധരൻ, അഡ്വ. പയസ് തോമസ്, ഷെൽഫി കാവനാടിയിൽ എന്നിവർ പ്രസംഗിച്ചു. ആത്മഹത്യ ചെയ്ത കർഷകരായ കൊളക്കാട്ടെ ആൽബർട്ടിന്റെയും പയ്യാവൂരിലെ മറ്റത്തിൽ ജോസഫിന്റെയും കുടുംബാംഗങ്ങളും ജില്ലയിലെ കാസിന്റെ വിവിധ പ്രതിനിധികളും കൺവൻഷനിൽ പങ്കെടുത്തു.