‘കണ്ണൂർ സ്ക്വാഡ്’എസ്ഇഎസിൽ
1377009
Saturday, December 9, 2023 2:13 AM IST
ശ്രീകണ്ഠാപുരം: എസ്ഇഎസ് കോളജിൽ വ്യത്യസ്ത കോളജ് യൂണിയൻ ഉദ്ഘാടനം. നിർവഹിച്ച "കണ്ണൂർ സ്ക്വാഡ്'. യഥാർഥ കണ്ണൂർ സ്ക്വാഡ് അംഗങ്ങളായിരുന്ന റിട്ട. പോലീസ് ഓഫീസമാരായ ബേബി ജോർജ്, മാത്യു ജോസഫ് എന്നിവരാണ് യൂണിയൻ ഉദ്ഘാടനം നിർവഹിച്ചത്.
ജനസേവനം ലക്ഷ്യം വയ്ക്കുന്നവർക്ക് സ്വീകരിക്കുന്ന ഏറ്റവും മികച്ച ഒരു ജോലിയാണ് പോലീസ് ഉദ്യോഗം. നിരവധി പ്രതിസന്ധികളിലൂടെയും കഷ്ടപ്പാടുകളിലൂടെയുമാണ് ഓരോ പോലീസ് ഉദ്യോഗസ്ഥനും കടന്നു പോകുന്നത്. മകളുടെ ആശുപത്രി കേസും അച്ഛന്റെ പിറന്നാളും തുടങ്ങി സ്വകാര്യ ജീവിതത്തിലെ അത്യാവശ്യ സമയങ്ങളിൽ പോലും പ്രഫഷനുവേണ്ടി മാറ്റിവയ്ക്കേണ്ടതായി വന്നിട്ടുണ്ടെന്ന് ബേബി ജോർജ് പറഞ്ഞു.
കണ്ണൂർ സ്ക്വാഡ് സിനിമയിലെ പോലെ കൈക്കൂലിക്കാരനായി ഒരാൾ പോലും യഥാർഥ കണ്ണൂർ സ്ക്വാഡിലില്ല. സിനിമകൾ പലപ്പോഴും പോലീസുകാരെ മോശമായി ചിത്രീകരിക്കുന്നു. ഇപ്പോൾ പോലീസ് സേനയിൽ ചേരുന്നതിന് യുവാക്കൾക്ക് താൽപര്യം കുറയുന്നതിന്റെ ഒരു കാരണമിതാണ്.
വർഷങ്ങൾക്കു മുമ്പേ നടന്ന ഞങ്ങളുടെ ജീവിതം സിനിമയായതിനും പ്രേക്ഷകർ അത് സ്വീകരിച്ചതിലും ഒത്തിരി സന്തോഷം ഉണ്ട്. മാത്യു ജോസഫ് അഭിപ്രായപ്പെട്ടു.
യൂണിയൻ ഉദ്ഘാടനത്തിന് ഭാഗമായി 20 യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും നടന്നു.കോളജ് യൂണിയൻ ചെയർമാൻ പി. ആദിത്യൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. ഡോമിനിക് തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ അഡ്വൈസർ പി.എഫ്. പ്രവീൺ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. ടി.ജെ. സജേഷ്, ഡോ. റീന സെബാസ്റ്റ്യൻ, ഡോ. എ.സി. ധന്യ, സി. സിൽജ, ജനറൽ സെക്രട്ടറി എം.വി. വിബിന എന്നിവർ പ്രസംഗിച്ചു.