കാർഷിക പുനർജനിക്കായി കർഷക ഉത്പാദക സംഘം
1377008
Saturday, December 9, 2023 2:13 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്കിന്റെ കാർഷിക അഭിവൃദ്ധിക്കായി പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രം, ആത്മ കണ്ണൂർ, തളിപ്പറമ്പ് ബ്ലോക്കിലെ ഫാം പ്ലാൻ പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട മുൻനിര കർഷകർ, കൃഷി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട ബ്ലോക്ക്തല കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കർഷക ഉത്പാദക സംഘം രൂപീകരിച്ചു. കാർഷിക വിഭവങ്ങളുടെ ഉത്പാദനവും ഗുണമേന്മയും ഉറപ്പുവരുത്തി കർഷകന് വരുമാന സുരക്ഷിതത്വവും ഉപഭോക്താവിന് ഉത്പന്നങ്ങൾ ന്യായവിലയ്ക്കും ലഭ്യമാകുന്ന തരത്തിലുള്ള വിപണന ശൃംഖല കൈവരിക്കുന്നതിനാണ് സംഘം ലക്ഷ്യപ്പെടുന്നത്.
ഇതിനായി നെൽക്കൃഷി ചെയ്യുന്ന ചെങ്ങളായി, കുറുമാത്തൂർ, കടന്നപ്പള്ളി പഞ്ചായത്തുകളേയും നഗരസഭകളായ തളിപ്പറമ്പ്, ആന്തൂർ എന്നിവയയേയും ഉൾപ്പെടുത്തി വയൽ കൃഷി വികസനത്തിനും പട്ടുവം, പരിയാരം പഞ്ചായത്തുകളിലൂടെ നെല്ല്, പയർ വർഗ വിളകളുടെ വികസനത്തിനും, മലയോര പഞ്ചായത്തുകളായ ഉദയഗിരി, ആലക്കോട്, നടുവിൽ, ചപ്പാരപ്പടവ് എന്നിവയെ ഉൾപ്പെടുത്തി തോട്ടവിളകൾ, സുഗന്ധവിളകൾ ഏത്തവാഴ ഉൾപ്പെടെയുള്ള ഫലവർഗങ്ങൾ, കിഴങ്ങ് വർഗങ്ങൾ, കൊക്കോ, കമുക് എന്നിവയുടെ വികസനത്തിനും, മറ്റു മേഖലകളായ തേനീച്ച വളർത്തൽ, കൂൺ കൃഷി എന്നിവയുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതിനും വിവിധ ക്ലസ്റ്ററുകളും രൂപീകരിച്ചു. ബ്ലോക്കിൽ ഇപ്പോൾ പ്രവർത്തിച്ചുവരുന്ന കുറുമാത്തൂർ ഹണി, ആന്തൂർ പച്ചക്കറി, പരിയാരം നാളികേരം, ആലക്കോട് പൈതൽവാലി എന്നീ കമ്പനികളുടെ പ്രവർത്തനത്തിനും വിപണനത്തിനും ഈ സംഘം സഹായകരമാകും. തളിപ്പറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ ചേർന്ന യോഗത്തിൽ ഉദയഗിരി പഞ്ചായത്തിലെ പി.വി. ബാലൻ ചെയർമാനായും പരിയാരം പഞ്ചായത്തിലെ മുത്തു കൃഷ്ണനെ സെക്രട്ടറിയായും എല്ലാ പഞ്ചായത്തിന്റേയും പ്രാതിനിധ്യം ഉറപ്പുവരുത്തി 13 അംഗ ഭരണസമിതിയും രൂപീകരിച്ചു.
പ്രാരംഭപ്രവർത്തനം എന്ന നിലയിൽ ഓരോ പഞ്ചായത്തിൽ നിന്നും 40 വയസിൽ താഴെയുളള അഞ്ചു പേരെ വീതം തെരഞ്ഞെടുത്തു. ഇവർക്കായി നബാർഡിന്റെ ധനസഹായത്തോടെ പന്നിയൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ സംയോജിത കൃഷിയിൽ 10 ദിവസം നീണ്ടുനിൽക്കുന് നൈപുണ്യപരിശീലന പരിപാടി സംഘടിപ്പിക്കും. തളിപ്പറമ്പ് കൃഷി ഡയറക്ടർ ഓഫീസിൽ പ്രാരംഭയോഗത്തിൽ ബ്ലോക്കിലെ 60 ഓളം മുൻനിര കർഷകരും ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥരും പങ്കെടുത്തു. തളിപ്പറമ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സതീഷ് കുമാർ, കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ. പി. ജയരാജ് എന്നിവർ നേതൃത്വം നൽകി.