തലകറങ്ങി വീണിട്ടും തെറ്റാത്ത ചുവടുമായി...
1377005
Saturday, December 9, 2023 2:13 AM IST
തലശേരി: തലകറങ്ങി വീണെങ്കിലും തിരിച്ച് വേദിയിലെത്തി കുച്ചുപ്പുടിയിൽ മിന്നും വിജയം നേടി നിയ മധൂപ്. ഹയർ സെക്കൻഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തിനിടെയാണ് കൂത്തുപറന്പ് റാണിജയ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനി നിയ മധൂപ് തലകറങ്ങി വീണത്. സംഘടകരുടെ നേതൃത്വത്തിൽ സ്റ്റേജിന് പിറകിൽ വൈദ്യസഹായം എത്തിച്ചു. പനി ഉണ്ടായിരുന്നതിനാൽ ഇൻജക്ഷനും നൽകി.
അല്പസമയത്തെ വിശ്രമത്തിനുശേഷം വീണ്ടും സ്റ്റേജിലേക്കെത്തി അരങ്ങ് തകർത്ത് എ ഗ്രേഡോടെ വിജയിച്ചു. അമ്മ ലസിജയ്ക്കൊപ്പമാണ് കലോത്സവ വേദിയിൽ എത്തിയത്. ആറു വർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട്. ആദ്യമായാണ് ജില്ലാ കലോത്സവത്തിൽ മത്സരിക്കുന്നത്.