അകക്കണ്ണിൽ പാടിനേടി അനന്യ
1377004
Saturday, December 9, 2023 2:13 AM IST
തലശേരി: വൈകല്യങ്ങളെ അതിജീവിച്ച് അകക്കണ്ണിൽ പാടി നേടി അനന്യ. കലോത്സവത്തിൽ കന്നട പദ്യം, സംസ്കൃത ഗാനാലാപനം, അഷ്ടപതി, മാപ്പിളപ്പാട്ട്, ഉറുദു സംഘഗാനം എന്നീ അഞ്ചു ഇനങ്ങളിലാണ് അനന്യ പങ്കെടുത്തത്. മത്സരിച്ച എല്ലാ ഇനങ്ങളിലും മികച്ച വിജയമാണ് അനന്യ കരസ്ഥമാക്കിയത്. സബ് ജില്ലാ മത്സരത്തിൽ മാപ്പിളപ്പാട്ടിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ അപ്പിൽ നൽകിയെങ്കിലും അനുവദിച്ചില്ല തുടർന്ന് ബാലാവകാശ കമ്മീഷനെ സമീപിക്കുകയും കുട്ടിയുടെ വൈകല്യങ്ങൾ മനസിലാക്കിയ കമ്മീഷൻ ജില്ലാ മത്സരത്തിൽ പങ്കെടുക്കാനുള്ള അനുമതി നല്‍കുകയുമായിരുന്നു.
പതിനാറ് ടീം പങ്കെടുത്ത മാപ്പിളപ്പാട്ടിൽ രണ്ടാം സ്ഥാനം നേടി ഇവിടെയും കുട്ടിയുടെ കഴിവ് തെളിയിക്കപ്പെട്ടു. സംസ്ഥാന തലത്തിലേക്ക് പങ്കെടുക്കുന്നതിന് വേണ്ടി അപ്പീൽ നല്കിട്ടുണ്ട്. നൂറു ശതമാനം അന്ധതയ്ക്ക് പുറമെ ശാരീരിക വൈകല്യങ്ങളുള്ള അനന്യ രണ്ടാളുടെ സഹായത്തോടെയാണ് നടക്കുന്നത്.
ചെറുപ്പം മുതൽ പാട്ടിൽ താല്പര്യം കാണിച്ചിരുന്ന അനന്യയെ മാതാവ് പ്രജിതയും സഹോദരി അതുല്ലേലും കൂടിയാണ് പാട്ടു പഠിപ്പിച്ചിരുന്നത്. പഠിച്ച പാട്ടുകൾ പല വേദികളിലും അവതരിപ്പിച്ച് അനന്യ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സ്കൂളിലെ സംഗീത അധ്യാപികയായ ടി.പി. വിനയകൃഷ്ണനാണു അനന്യയെ ഇപ്പോൾ പാട്ട് പഠിപ്പിക്കുന്നത്. എളയാവൂർ സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംതരം വിദ്യാർഥിനിയാണ് അനന്യ