നീതിക്കായുള്ള രാമകൃഷ്ണന്റെ കാത്തിരിപ്പിന് രണ്ട് പതിറ്റാണ്ട്
1376714
Friday, December 8, 2023 2:17 AM IST
തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്ടാവിനെ അറസ്റ്റ് ചെയ്ത് നഷ്ടപ്പെട്ട 45 പവൻ തനിക്ക് തിരിച്ചു കിട്ടുമെന്ന റിട്ട. നേവി ഉദ്യാഗസ്ഥന്റെ കാത്തിരിപ്പിന് രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. തളിപ്പറന്പ് കൂവോട്ടെ റിട്ട. നാവികസേനാ ഉദ്യോഗസ്ഥനായ രാമകൃഷ്ണൻ ഇപ്പോൾ ഇതു സംബന്ധിച്ച് നവകേരള സദസിൽ പരാതി നൽകിയത്. 2002 സെപ്റ്റംബർ ഒന്നിനു രാത്രിയായിരുന്നു രാമകൃഷ്ണന്റെ വീട്ടിൽ കവർച്ച നടന്നത്.
592/2002 ക്രൈം നമ്പറായിട്ടായിരുന്നു തളിപ്പറന്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ഇത്രയും കാലമായിട്ടും തുന്പൊന്നും ലഭിച്ചില്ലെന്നാണ് പോലീസ് ഭാഷ്യം. പഴയ കേസായതിനാൽ പോലീസ് വേണ്ടത്ര താത്പര്യം കാട്ടി അന്വേഷണം നടത്തുന്നില്ലെന്ന് കാണിച്ചാണ് നവകേരള സദസിൽ പരാതി നൽകിയതെന്ന് രാമകൃഷ്ണൻ പറഞ്ഞു.
നാവികസേനയിലും പിന്നീട് പ്രവാസ ജിവിതം നയിച്ച് സന്പാദിച്ച് വാങ്ങിയ സ്വർണവും പാരന്പര്യമായ ലഭിച്ചതും ഭാര്യയുടെ വിവാഹ സ്വർണമുൾപ്പെടെയുള്ളവയായിരുന്നു മോഷ്ടാവ് കവർന്നത്. നവകേരള സദസിൽ പരാതി നൽകിയതിനെ തുടർന്ന് രാമകൃഷ്ണനെ തളിപ്പറന്പ് പോലീസ് ഇന്നലെ വിളിപ്പിച്ചിരുന്നു.