പഴശിയിലെ മാലിന്യം നഗരസഭ നീക്കം ചെയ്തു
1376709
Friday, December 8, 2023 2:17 AM IST
ഇരിട്ടി: ടൗണിനോട് ചേർന്ന പഴശി പദ്ധതിയിലെ ജലത്തിൽ കുന്നുകൂടി മാലിന്യങ്ങൾ നഗരസഭയുടെ ശുചീകരണ വിഭാഗം തൊഴിലാളികൾ മാറ്റി. ജില്ലയുടെ കുടിവെള്ള സ്രോതസായ പഴശി റിസർവോയറിൽ മാലിന്യം നിറയുന്നത് വാർത്തയിൽ വന്നതോടെയാണ് നഗരസഭയുടെ അടിയന്തിര നടപടി. ലോഡ് കണക്കിന് മാലിന്യങ്ങളാണ് പദ്ധതിയിൽ നിന്നും നീക്കം ചെയ്തത്.
മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ നിർമിക്കുന്ന വേലിയുടെ ഭാഗമായി എടുത്ത കുഴികളിൽ പോലും പൈപ്പിലൂടെ പദ്ധതിയിലേക്ക് മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തിൽ ക്ലീൻ സിറ്റി മാനേജർ രാജീവൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.
വേലിയുടെ ജോലികൾ പൂർത്തിയായ ശേഷം ജെസിബി ഉപയോഗിച്ചു മണ്ണ് നീക്കം ചെയ്ത് പദ്ധതിയിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന പൈപ്പുകൾ ഉണ്ടോയെന്ന് പരിശോധന നടത്തുമെന്നും, പൈപ്പുകൾ കണ്ടെത്തിയാൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും നഗരസഭ അധ്യക്ഷ പറഞ്ഞു. സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ ഇന്നും ശുചീകരണ പ്രവർത്തികൾ തുടരുമെന്ന് ക്ലീൻ സിറ്റി മാനേജർ പറഞ്ഞു.