ചേലോറ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
1376708
Friday, December 8, 2023 2:17 AM IST
കണ്ണൂര്‍: കോര്പറേഷന് ചേലോറ സോണല്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മിച്ച പുതിയ കെട്ടിടം തുറന്നു കൊടുത്തു. ഒപി ആൻഡ് ഫാര്‍മസി ബ്ലോക്കിന്റെ ഉദ്ഘാടനം മേയര്‍ ടി.ഒ. മോഹനനും, ഇമ്യൂണൈസേഷന് ആൻഡ് അഡ്മിനിസ്ട്രേഷന് ബ്ലോക്ക് കടന്നപ്പള്ളി രാമചന്ദ്രന് എംഎല്‍എയും ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷത വഹിച്ചു.
കോര്‍പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ താഴത്തെ നില നിര്‍മിച്ചിരിക്കുന്നത്. കണ്ണൂര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ് ഒന്നാം നില നിര്‍മിച്ചിരിക്കുന്നത്.
എന്നാൽ ഉദ്ഘാടക ചടങ്ങുകൾ തീരുമാനിക്കാൻ നേരത്തെ ചേർന്ന യോഗത്തിൽ ആര് ഉദ്ഘാടനം ചെയ്യും എന്നത് സംബന്ധിച്ച് തർക്കം ഉയർന്നിരുന്നു.
സ്ഥലം എംഎൽഎയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ നീക്കം നടന്നുവെങ്കിലും കോർപറേഷൻ അധികൃതർ അതിനെ എതിർക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്ന പരിഹാരം എന്ന നിലയിൽ കോർപറേഷൻ ചെലവഴിച്ചു നിർമിച്ച ഭാഗത്തിന്റെ ഉദ്ഘാടനം മേയറും, എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച മുകൾഭാഗം എംഎൽഎയെ കൊണ്ടും ഉദ്ഘാടനം ചെയ്യിക്കാൻ ഒടുവിൽ യോഗം തീരുമാനിച്ചത്.