ആറളത്ത് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം; നശിപ്പിച്ചത് 30 തെങ്ങുകൾ
1376706
Friday, December 8, 2023 2:17 AM IST
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവത്തിന് ശമനമില്ല. കഴിഞ്ഞ ദിവസം രാത്രി ഒന്നാം ബ്ലോക്കിലെ 30 വലിയ തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്. പാലപ്പുഴ-കീഴ്പ്പള്ളി റോഡിനോട് ചേർന്ന ഗോഡൗണിന്റെ ഭാഗത്തുള്ള നിറയെ കായ്ഫലമുള്ള തെങ്ങുകളാണ് നശിപ്പിച്ചത്. വനാതിർത്തിയിലെ ആനമതിൽ തകർന്ന ഭാഗത്തു കൂടിയാണ് ആനകൂട്ടം എത്തിയതെന്നാണ് സൂചന.
പത്തിലധികം ആനകളുള്ള കൂട്ടമാണ് എത്തിയതെന്ന് ബ്ലോക്ക് ഒന്ന്, രണ്ട് മേഖലയിലെ തെങ്ങ് പാട്ടത്തിനെടുത്ത സാദത്ത് പറഞ്ഞു. ഫാമിൽ വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്ന ഒന്നാം ബ്ലോക്കിലാണ് ആനയുടെ വിളയാട്ടം. പകൽ സമയങ്ങളിലും കൃഷിയിടത്തിലേക്ക് ആനയിറങ്ങുന്നത് ഭീതിയുണ്ടാക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് ഒന്നാം ബ്ലോക്കിൽ എത്തിയ ആന ചെറിയ തെങ്ങുകൾ ഉൾപ്പെടെ നൂറോളം തെങ്ങുകൾ നശിപ്പിച്ചിരുന്നു.
കീഴ്പ്പളളി-പാലപ്പുഴ റൂട്ടിൽ രാത്രി യാത്ര അപകട ഭീഷണിയുണ്ടാക്കുകയാണ്. രാത്രി ഏഴിനു ശേഷം അഞ്ചു പത്തും ആനകളാണ് റോഡിനോട് ചേർന്ന ഭാഗങ്ങളിൽ എത്തുന്നത്. പല സന്ദർഭങ്ങളിലും യാത്രക്കാർ രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടാണ്. ഫാമിനുള്ളിലെ കാട് വെട്ടിത്തെളിക്കാത്തതാണ് ആനകൾ കൃഷിഫാമിനുള്ളിൽ തന്നെ തങ്ങാൻ കാരണമെന്നും ആരോപണമുണ്ട്.
ഒരു മാസത്തിനിടയിൽ നിറയെ കായ്ഫലമുള്ള 100 ഓളം തെങ്ങുകളാണ് ആനകൾ കുത്തി വീഴ്ത്തിയത്. ആന പേടി മൂലം ആറളം ഫാമിലെ തെങ്ങ് ചെത്ത് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരും ഭീതിയിലാണ്.