കണ്ണൂർ വിമാനത്താവളത്തിന് നാളെ അഞ്ച് വയസ്
1376705
Friday, December 8, 2023 2:17 AM IST
സ്വന്തം ലേഖകൻ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് നാളെ അഞ്ചുവർഷം പൂർത്തിയാകുമ്പോൾ വികസനമെന്നു പറയാൻ ഒന്നുമില്ല. വിമാനത്താവളം വരുന്നതോടെ വികസനമുന്നേറ്റമുണ്ടാകുമെന്ന് പറഞ്ഞുവെങ്കിലും അതും നടന്നില്ല. രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധി വിമാനത്താവള പ്രവർത്തനത്തെ സാരമായി ബാധിച്ചതാണ് വിമാനത്താവളത്തിന് പ്രതീക്ഷിച്ച വികസന നാഴികക്കല്ലുകൾ പിന്നിടുന്നതിൽ നിന്നും പിറകോട്ടടിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
ലോകോത്തര നിലവാരത്തിൽ തുടങ്ങി
ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. വലിയ വിമാനങ്ങൾക്ക് ഇറങ്ങാവുന്ന നീളമേറിയ റൺവേയും ഏപ്രണും വിശാലമായ ടെർമിനൽ കെട്ടിടവും കണ്ണൂരിലുണ്ട്. എന്നാൽ, വിമാന സർവീസുകളും യാത്രക്കാരും കുറവായതിനാൽ സൗകര്യങ്ങളുടെ പകുതി പോലും ഉപയോഗിക്കേണ്ടി വരുന്നില്ലെന്നതാണ് യാഥാർഥ്യം.
ഓരോ മാസവും കോടികൾ വിമാനത്താവളത്തിന്റെപ്രവർത്തനത്തിന് ചെലവുണ്ട്. കസ്റ്റംസ്, സിഐഎസ്എഫ് എന്നിവരുടെ ശമ്പളത്തിനുള്ള തുക മുൻകൂറായി കേന്ദ്രത്തിന് അടയ്ക്കുകയും വേണം. വിമാനത്താവള നിർമാണത്തിനായി 888 കോടിയോളം രൂപയാണ് വിവിധ ബാങ്കുകളുടെ കൺസോർഷ്യം വായ്പ അനുവദിച്ചത്. നിശ്ചിത കാലപരിധിക്കുള്ളിൽ ഇതും തിരിച്ചടയ്ക്കണം.
വിദേശ വിമാനങ്ങൾ ഇറങ്ങുന്നില്ല
വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കാത്തത് വിമാനത്താവളത്തെ വലിയ തോതിലാണ് ബാധിക്കുന്നത്. സർവീസിന് അനുമതി ലഭിക്കുന്നതിന് കിയാലും സംസ്ഥാന സർക്കാരും ഈ ആവശ്യം കേന്ദ്രത്തിന് മുന്നിൽ പല തവണ ഉന്നയിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
വലിയ വിമാനങ്ങൾക്ക് സുരക്ഷിതമായി കണ്ണൂരിലെ റൺവേയിലിറങ്ങാൻ സാധിക്കുമെന്ന് കോവിഡ് കാലത്ത് കുവൈറ്റ് എയർവേയ്സ് എമിറേറ്റ്സ് കമ്പനികളുടെ വിമാനങ്ങളിറങ്ങിയതോടെ തെളിഞ്ഞതാണ്. നീളമേറിയ റൺവേയും അനുബന്ധ സംവിധാനങ്ങളും പരിഗണിച്ചാൽ വിദേശ വിമാനക്കമ്പനികൾക്ക് എല്ലാ സൗകര്യങ്ങളും കണ്ണൂർ വിമാനത്താവളത്തിലുണ്ട്. എയർ ഏഷ്യയുടെ ആസിയാൻ രാജ്യങ്ങളിലേക്കുള്ള സർവീസിനും കണ്ണൂരിന് പരിഗണനയില്ല. ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ.
50 ലക്ഷം യാത്രക്കാർ
കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 50 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ സെപ്റ്റംബർ 28 ന് ഷാർജയിൽ നിന്നും കണ്ണൂരിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരായ പയ്യന്നൂരിലെ അജീഷും ഭാര്യ കവിതയുമാണ് 50 ലക്ഷം തികച്ച യാത്രക്കാർ.
കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തി വരുമാനമുണ്ടാക്കാനുള്ള കഠിന യത്നത്തിലാണ് കിയാല്‍. ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ കണ്ണൂര്‍- മുംബൈ സര്‍വീസ് പുനഃരാരംഭിച്ചു.